ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് വയോധികര്‍; പോലിസ് ഇരുട്ടില്‍ തപ്പുന്നു
നഹാസ് എം നിസ്താര്‍
പെരിന്തല്‍മണ്ണ: രാമപുരം ബ്ലോക്ക് ഓഫിസിന് സമീപം വൃദ്ധയെ കൊലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളില്ല. സമാനരീതിയില്‍ ജില്ലയില്‍ ഒരു മാസത്തിനിടെ തനിച്ച് താമസിക്കുന്ന മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒന്നില്‍ മാത്രമാണ് പ്രതിയെ പിടികൂടാനായത്.
കുറ്റിപ്പുറം നാഗപറമ്പില്‍ കുഞ്ഞിപ്പാത്തുമ്മ, തവനൂര്‍ കടകശ്ശേരി ഇയ്യാത്തു, രാമപുരം ബ്ലോക്ക് ഓഫീസ് പടിയിലെ പരേതനായ അഞ്ചുക്കണ്ടി തലക്കല്‍ മുഹമ്മദിന്റെ ഭാര്യ മുട്ടത്തില്‍ ആയിഷ (73) എന്നിവരാണ് തുടര്‍ച്ചയായുണ്ടായ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. കുഞ്ഞിപ്പാത്തുമ്മ മരിച്ച കേസില്‍ അയല്‍വാസിയായ മുഹമ്മദ് ഷാഫിയെ(33) ദിവസങ്ങള്‍ക്കുള്ളില്‍ പോലിസ് പിടികൂടി. എന്നാല്‍ മറ്റു രണ്ടു കേസുകളിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.
ജൂണ്‍ 20ന് വൈകിട്ടാണ് തവനൂര്‍ കടകശ്ശേരിയില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന തത്തോട്ടില്‍ ഇയ്യാത്തു ഉമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ധരിച്ചിരുന്ന 25 പവന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് മൃതദേഹം കണ്ടത്. അപരിചിതരായ രണ്ടു യുവാക്കളുടെ സാന്നിദ്ധ്യം ഇവരുടെ വീടിന്റെ പരിസരത്ത് കണ്ടതായി അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. ഇവരിലൊരാളുടെ രേഖാചിത്രം പോലിസ് തയ്യാറാക്കിയെങ്കിലും സഹായകമായ സൂചനകളൊന്നും ഇതുവരെയും ലഭിച്ചില്ല.
രാമപുരം ബ്ലോക്ക് ഓഫിസ് പടിയിലെ പരേതനായ അഞ്ചുകണ്ടി തലക്കല്‍ മുഹമ്മദിന്റെ ഭാര്യ മുട്ടത്തില്‍ ആയിഷയുടേതായിരുന്നു (73) മൂന്നാമത്തെ കൊലപാതകം . ജൂലായ് 16നായിരുന്നു സംഭവം. പകല്‍ സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന ആയിഷ രാത്രിയാകുമ്പോള്‍ മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നു പതിവ്. രാത്രി 9.15ഓടെ പേരക്കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആയിഷയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും അന്വഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും ഫലമുണ്ടായില്ല. ആയിഷ ധരിച്ചിരുന്ന ആറ് പവന്‍ ആഭരണം കാണാതായിരുന്നത്. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളോ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിരുന്നില്ല.
ഇയ്യാത്തുവിന്റെ കൊല നടന്നിട്ട് രണ്ടുമാസവും ആയിഷയുടേത് ഒരു മാസവും പിന്നിട്ടിട്ടും പ്രതികള്‍ പിടിയിലാവാത്തതില്‍ ആശങ്കയിലാണ് നാട്ടുകാരും ബന്ധുക്കളും.