'ഹിന്ദു ബ്രാഹ്മണന്‍ കലക്ടറായതിനെതിരേ മുസ് ലിംകളുടെ പ്രകടനം'; കാന്തപുരം വിഭാഗത്തിന്റെ പ്രകടനം വര്‍ഗീയ ആയുധമാക്കി ആര്‍എസ്എസ്
കോഴിക്കോട്: കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരേ കാന്തപുരം സുന്നി വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ച് ആര്‍എസ്എസ്. കാന്തപുരം വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് ആര്‍എസ്എസ് മുഖപത്രമായ 'ഓര്‍ഗനൈസര്‍' വാരികയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നത്. 'ഹിന്ദു ബ്രാഹ്മണനായ ഐഎഎസുകാരനെ കലക്ടറായി നിയമിച്ചതിനെതിരെ മുസ് ലിംകള്‍ സംഘടിച്ച് പ്രകടനം നടത്തുന്നു'. ഇതായിരുന്നു ആര്‍എസ്എസ് മുഖപത്രത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ പോസ്റ്റ്.
Kerala: Muslims in large number took out a procession opposing the appointment of new IAS collector, who is a Hindu Brahmin. pic.twitter.com/jx8L46tJX1
— Organiser Weekly (@eOrganiser) August 2, 2022
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരേ കേരള മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കാന്തപുരം വിഭാഗം കേരളത്തിലെ 13 കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. ഈ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടാണ് ആര്‍എസ്എസ് വര്‍ഗീയ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. 1630 പേര്‍ റീ ട്വീറ്റ് ചെയ്ത പോസ്റ്റ് ഒരുലക്ഷത്തിലധികം പേര്‍ ഇതിനകം കണ്ടിട്ടുണ്ട്. രണ്ടായിരത്തിലധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.
ആര്‍എസ്എസ് ഔദ്യോഗിക പേജിന് പുറമെ നിരവധി സംഘപരിവാര്‍ അനുകൂല പേജുകളിലും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ് ലിംകള്‍ ഭൂരിപക്ഷമായ മലപ്പുറത്ത് ഹിന്ദു കലക്ടറെ നിയമിച്ചതിനെതിരേ നടത്തിയ പ്രകടനം എന്ന അടിക്കുറിപ്പോടെയും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും കേരള പത്രപ്രവര്‍ത്തക യൂനിയനും തെരുവില്‍ പ്രതിഷേധവുമായി അണിനിരന്നു. യുഡിഎഫും പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപ്പോഴും ശ്രീറാമിനെ മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. എന്നാല്‍, സര്‍ക്കാരിനെതിരേ ഓരോ ദിവസം കഴിയുന്തോറും പ്രതിഷേധം കടുത്തതോടെയാണ് ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
പ്രതിഷേധത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറല്‍ മാനേജറായി നിയമനം നല്‍കിയാണ് കലക്ടര്‍ സ്ഥാനത്തു നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈക്കോയുടെ കൊച്ചി ഓഫിസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കലക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം കൃഷ്ണ തേജയെ ആലപ്പുഴ കലക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കലക്ടറായിരുന്നു കൃഷ്ണ തേജ് ഐഎഎസ്.