ലോക്‌സഭാ തിരഞ്ഞെടുപ്പ്: മുസ് ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചത്തേക്ക് മാറ്റി

Update: 2024-02-26 17:31 GMT
മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് ബുധനാഴ്ചത്തേക്കു മാറ്റി. ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ച യോഗം അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയതിനെ തുടര്‍ന്നാണിത്. അതേസമയം, മുതിര്‍ന്ന നേതാക്കള്‍ ചൊവ്വാഴ്ച പാണക്കാട്ട് അനൗപചാരിക യോഗം ചേരുമെന്നാണ് അറിയുന്നത്. ലോക്‌സഭയിലേക്കുള്ള മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം നാളത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. ലോക്‌സഭ സ്ഥാനാര്‍ഥികളെ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍, അന്തിമ തീരുമാനവും സ്ഥാനാര്‍ഥി പ്രഖ്യാപനവും ബുധനാഴ്ചത്തെ യോഗത്തിലേ ഉണ്ടാവുകയുള്ളൂ.

    മൂന്നാം സീറ്റ് വേണമെന്ന് ലീഗ് നേതാക്കള്‍ ശക്തമായും പരസ്യമായും ആവശ്യപ്പെട്ടെങ്കിലും സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെ അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് ഉറപ്പായെങ്കിലും, ഇത് കഴിഞ്ഞ തവണ ലീഗ് വിട്ടുകൊടുത്തതാണെന്ന അഭിപ്രായമാണ് ഉയരുന്നത്. ലോക്‌സഭയിലേക്ക് ആരെല്ലാം മല്‍സരിക്കണമെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്. നിലവിലുള്ള എംപിമാരില്‍ ഒരാള്‍ രാജ്യസഭിലേക്ക് മല്‍സരിച്ച് ഒരു ലോക്‌സഭാ സീറ്റില്‍ പുതുമുഖത്തെ മല്‍സരിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. പി കെ ഫിറോസ്, അഡ്വ. ഫൈസല്‍ ബാബു എന്നിവരുടെ പേരുകളാണ് പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയിലുള്ളത്. ഫൈസല്‍ ബാബു കുറച്ചുകാലമായി ദേശീയതലത്തില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍, നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ തന്നെ പാര്‍ലമെന്റിലേക്ക് അയക്കണമെന്നും നേതൃത്വത്തിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളായിരിക്കും അന്തിമ തീരുമാനമെടുക്കുക.

Tags:    

Similar News