ലീഗിന് ഇനി നിരുപാധിക പിന്തുണയില്ല; സമസ്ത നിലപാടില്‍ നിര്‍ണായക മാറ്റം

മുസ്‌ലിം ലീഗിനെ നിരുപാധികമായി പിന്തുണക്കാന്‍ ഇനി സമസ്തയെ കിട്ടില്ല എന്ന വ്യക്തമായ സന്ദേശമാണ് 'സൗഹൃദ വേദി' വിവാദത്തിലൂടെ പുറത്തുവരുന്നത്.

Update: 2022-02-04 14:54 GMT

പി സി അബ്ദുല്ല

കോഴിക്കോട്: മുസ്‌ലിം സംഘടനകളുടെ 'സൗഹൃദ വേദി'എന്ന സ്ഥിരം സംവിധാനത്തില്‍ ഇനി ഉണ്ടാവില്ലെന്ന സമസ്തയുടെ തീരുമാനം നിര്‍ണായകം. മുസ്‌ലിം ലീഗിനെ നിരുപാധികമായി പിന്തുണക്കാന്‍ ഇനി സമസ്തയെ കിട്ടില്ല എന്ന വ്യക്തമായ സന്ദേശമാണ് 'സൗഹൃദ വേദി' വിവാദത്തിലൂടെ ഒടുവില്‍ പുറത്തുവരുന്നത്. സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉണ്ടാവുമ്പോള്‍ പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗത്തിലേക്ക് പ്രതിനിധികളെ അയക്കാം. ആ വിഷയത്തിന് അനിവാര്യമെങ്കില്‍ 'സൗഹൃദ സമിതി'യുമാവാം. എന്നാല്‍, ആ വിഷയം കഴിഞ്ഞ് സമിതി പിരിയണം. അത്തരം സ്ഥിരം സമിതിയോ സ്ഥിരം പ്രാതിനിധ്യമോ ഇനിയില്ലെന്നും ഇ കെ സമസ്തയുടെ പ്രമുഖ നേതാവ് തേജസ് ന്യൂസിനോട് പറഞ്ഞു.

മാസപ്പിറവി വിഷയത്തില്‍ രൂപം കൊണ്ട 'സൗഹൃദ വേദി' പിന്നീട് എല്ലാ വിഷയത്തിലും ഒരുമിച്ചിരിക്കാനുള്ള സ്ഥിരം സമിതിയായി ലീഗ് മാറ്റുകയായിരുന്നു. സമുദായത്തിലെ ചില സംഘടനകളെ അകറ്റിയും ചിലരെ അടുപ്പിച്ചും 'സൗഹൃദ വേദി'യെ ലീഗ് ഉപയോഗിക്കുകയായിരുന്നു.

സമസ്തയ്ക്ക് തുടക്കത്തില്‍ ലീഗിന്റെ ഈ നീക്കത്തോട് എതിര്‍പ്പില്ലായിരുന്നു. പൗരത്വ വിവേചനത്തിനെതിരായ പ്രക്ഷോഭം, 80/20 വിവാദം വരെ പാണക്കാട് തങ്ങള്‍ ക്ഷണിച്ച എല്ലാ യോഗത്തിലും സമസ്ത പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, വഖ്ഫ് വിഷയങ്ങളില്‍ സ്ഥിരം കോഓഡിനേഷന്‍ സമിതി ചേരുന്നതിനെ സമസ്ത എതിര്‍ത്തു. ചിലര്‍ക്ക് അനര്‍ഹമായ പരിഗണനയാണ് ലീഗ് നല്‍കുന്നതെന്ന സമസ്തയുടെ അമര്‍ഷം പുതിയ വിവാദത്തില്‍ പുറത്തുവരുന്നുണ്ട്. 'സൗഹൃദ വേദി'യിലേക്ക് തങ്ങളേയും ക്ഷണിക്കണമെന്ന് ആരെങ്കിലും വിളിച്ച് പറയുമ്പോള്‍ അവരെ ക്ഷണിച്ചിരുത്തുന്നത് ശരിയല്ലെന്നും ഫോട്ടോയും പേരും വരാന്‍ കൊതിക്കുന്ന ആര്‍ക്കും തട്ടിക്കൂട്ടാവുന്നതായി 'സൗഹൃദ വേദി' മാറിയെന്നുമാണ് വിമര്‍ശനം.


Tags:    

Similar News