സിപിഎമ്മിന്റെ ഫലസ്തീന്‍ റാലിയില്‍ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനം

Update: 2023-11-04 08:31 GMT

കോഴിക്കോട്: ഫലസ്തീന്‍ വിഷയത്തില്‍ സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ് ലിം ലീഗില്‍ ധാരണ. ശനിയാഴ്ച നേതൃയോഗം ചേരാനിരിക്കെയാണ് ലീഗ് തീരുമാനമറിയിച്ചത്. തീരുമാനം യോഗത്തിന് പിന്നാലെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. നവംബര്‍ 11ന് കോഴിക്കോട്ട് നടത്തുന്ന പരിപാടി സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. സെമിനാറിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയാണെങ്കില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് ആലോചിക്കുമെന്ന ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതികരണമാണ് വലിയ ചര്‍ച്ചയ്ക്കു കാരണമായത്. ഇതോടെ, സിപിഎം ഔദ്യോഗികമായി ക്ഷണിക്കുകയും ഇക്കാര്യം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎം എ സലാം തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടെ, ഇതുസംബന്ധിച്ച കെ സുധാകരന്റെ പരാമര്‍ശം വന്‍ വിവാദമായി. എപ്പോഴെങ്കിലും പട്ടിയാവുമെന്ന് കരുതി ഇപ്പഴേ കുരയ്‌ക്കേണ്ടതുണ്ടോയെന്ന പരാമര്‍ശം ലീഗിനെയും ചൊടിപ്പിച്ചു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ലെന്നുമായിരുന്നു പി എം എ സലാമിന്റെ തിരിച്ചടി. മാത്രമല്ല, ലീഗ് സിപിഎമ്മിലേക്ക് അടുക്കുന്നുവെന്ന തരത്തിലും ചര്‍ച്ചകളുണ്ടായി, ഇതോടെ യുഡിഎഫിന്റെ മുന്നണി ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്ക അറിയിച്ചു. സിപിഎം റാലിയില്‍ പങ്കെടുക്കുന്നത് യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചില ലീഗ് നേതാക്കളും വാദിച്ചു. ഇതോടെയാണ് സിപിഎം റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ധാരണയിലെത്തിയതെന്നാണ് വിവരം.

Tags:    

Similar News