വോട്ട് ചെയ്യാത്തതിന് വീട് കയറി അക്രമം; മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
വനിത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിച്ചതിനാണ് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തായിരുന്നു.
കാസര്‍കോട്: വോട്ടെണ്ണല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവിയില്‍ വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച സംഭവത്തില്‍ ഒമ്പത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. വനിത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിച്ചതിനാണ് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തായിരുന്നു.
വോട്ട് മറിച്ചു എന്ന് ആരോപിച്ച് ലീഗ് അനുഭാവിയുടെ വീട് ലീഗ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവ് മുതിര്‍ന്ന ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയപ്പോള്‍ ഉണ്ടായ വാക്കേറ്റമാണെന്നാണ് മുസ്‌ലിം ലീഗിന്റെ പ്രതികരണം.
അക്രമിക്കാനെത്തിയവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലീഗ് അനുകൂല ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇവിടെ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന് പുറത്തെത്തുകയായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന ഉബൈദ്, റംഷീദ്, ജംഷി എന്നിവരെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു.