റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ മുസ്‌ലിം മധ്യവയസ്‌കന്‍ മരിച്ചു. ഗൗസ്‌നഗറിലെ ബാഗ്ദാദിയ മസ്ജിദ് പരിസരത്ത് താമസിക്കുന്ന ശെയ്ഖ് താജുദ്ദീന്‍ (48) ആണ് മരിച്ചത്. ഈ മാസം എട്ടാം തീയതിയാണ് കന്നുകാലികളെ മോഷ്ടിച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ടം വടിയും മറ്റും ഉപയോഗിച്ച് താജുദ്ദീനെ ആക്രമിച്ചത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോഴാണ് മരണം സംഭവച്ചിരിക്കുന്നത്. താജുദ്ദീന്റെ താടിയും തൊപ്പിയുമാണ് ആക്രമണത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു.
ബാഗ്ദാദിയ മസ്ജിദില്‍ ബാങ്ക് വിളിക്കുന്നയാളാണ് തന്റെ പിതാവെന്ന് താജുദ്ദീന്റെ മകന്‍ പറഞ്ഞു. രാവിലെ ജോലിക്ക് പോയിട്ടും തിരിച്ചുവന്നിരുന്നില്ല. പിന്നെ പോലിസാണ് വിളിച്ച് മരണവിവരം പറഞ്ഞതെന്നും മകന്‍ പറഞ്ഞു. സംഭവത്തില്‍ മന്നു യാദവ്, ചേലാ യാദവ്, സഞ്ജയ് യാദവ്, ഗൗതം മണ്ഡല്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി ആദിത്യപൂര്‍ പോലിസ് അറിയിച്ചു.