മുസ്‌ലിം സ്ത്രീ പുനര്‍വിവാഹം ചെയ്താല്‍ മുന്‍ ഭര്‍ത്താവ് നല്‍കിയ സ്ഥിരം ജീവനാംശം ഭേദഗതി ചെയ്യണോ ? വിഷയം പഠിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീ പുനര്‍വിവാഹം ചെയ്താല്‍ മുന്‍ ഭര്‍ത്താവ് നല്‍കിയ സ്ഥിരം ജീവനാംശം ഭേദഗതി ചെയ്യണമോയെന്ന കാര്യം പരിശോധിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയെയും മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദുവയേയും അമിക്കസ് ക്യൂറിമാരായി നിയമിച്ചു. വിവാഹമോചന സമയത്ത് ഭാര്യക്ക് പത്തുലക്ഷം രൂപ സ്ഥിരം ജീവനാംശമായി നല്‍കണമെന്ന കുടുംബകോടതി വിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് താരിഫ് റഷീദ് ഭായ് ഖുറേഷി എന്നയാള്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.
ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ(സിആര്‍പിസി) 125ാം വകുപ്പ് പ്രകാരം, വിവാഹമോചനത്തിന് ശേഷം മുസ്‌ലിം സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാമെന്ന അബ്ദുല്‍ സമദ്‌തെലങ്കാന കേസിലെ വിധിയും കോടതി പരിശോധിച്ചു. വിവാഹമോചിതയായ സ്ത്രീയുടെ ഭാവിക്കായി യുക്തിസഹമായ സ്ഥിരം ജീവനാംശം നല്‍കണമെന്ന് 2001ലെ ദനിയാല്‍ ലത്തീഫിയുണിയന്‍ ഓഫ് ഇന്ത്യ കേസിലും വിധിയുണ്ട്. ഇദ്ദ കാലത്തിന് ശേഷം സ്ത്രീക്ക് ഉപയോഗിക്കേണ്ട തുക ഇദ്ദ കാലത്തിനുള്ളില്‍ തന്നെ നല്‍കണമെന്ന് 1986ലെ മുസ്‌ലിം സ്ത്രീ (വിവാഹമോചനത്തിനുള്ള അവകാശങ്ങളുടെ സംരക്ഷണം) നിയമത്തിലെ 3(1) വ്യവസ്ഥയിലുണ്ട്. ഈ നിയമം ഭരണഘടനാപരമാണെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചതുമാണ്.
വിവാഹമോചനത്തിന് ശേഷം ഇദ്ദ കാലയളവില്‍ യുക്തിസഹമായ തുക ജീവനാംശമായി സ്വീകരിക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നാണ് ഈ നിയമം പറയുന്നത്. ഇനി പുനര്‍വിവാഹം ചെയ്തില്ലെങ്കില്‍ ജീവനാംശം ആവശ്യപ്പെടാനും സ്ത്രീക്ക് അവകാശമുണ്ട്. എന്നാല്‍, സ്ത്രീ പുനര്‍വിവാഹം ചെയ്‌തെന്ന കാര്യം പരിഗണിക്കാതെയാണ് പത്തുലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് കുടുംബകോടതി വിധിച്ചതെന്ന് താരിഫ് റഷീദ് ഭായ് ഖുറേഷി ചൂണ്ടിക്കാട്ടി. ഇത് ഹൈക്കോടതി പരിഗണിച്ചില്ലെന്നും താരിഫ് വാദിച്ചു.