മുസ്‌ലിംകളെ ഇന്ത്യയില്‍നിന്ന് പുറത്താക്കണം; പള്ളികള്‍ പൊളിക്കണം; പ്രകോപന പ്രസംഗവുമായി ഹരിയാന ബിജെപി വക്താവ് (വീഡിയോ)

അവര്‍ക്ക് താടി മുറിക്കാന്‍ അറിയാമെങ്കില്‍ അവരുടെ തൊണ്ട എങ്ങനെ മുറിക്കാമെന്ന് ഞങ്ങള്‍ക്കറിയാം. പള്ളികള്‍ പൊളിച്ചുമാറ്റണം. ഇതുപോലുള്ള കെട്ടിടങ്ങള്‍ അടിത്തറയോടെ പിഴുതെടുത്ത് വലിച്ചെറിയുക- അദ്ദേഹം ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു. തങ്ങളുടെ ഗ്രാമത്തില്‍ ഒരു പള്ളി പണിയാന്‍ അനുവദിക്കാത്ത ബോഹ്ര കലന്‍ ഗ്രാമീണരെ അമു പ്രശംസിച്ചു. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ പ്രദേശത്ത് പാര്‍പ്പിക്കാന്‍ അനുവദിക്കരുത്.

Update: 2021-07-06 09:50 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ വീണ്ടും കലാപാഹ്വാനവുമായി ഹരിയാനയിലെ ബിജെപി വക്താവും കര്‍ണി സേനാ മേധാവിയുമായ സൂരജ് പാല്‍ അമു രംഗത്ത്. ഞായറാഴ്ച ഹരിയാന ഗുരുഗ്രാമില്‍നിന്നുള്ള പട്ടൗഡി ഗ്രാമത്തിലെ മഹാപഞ്ചായത്തിലാണ് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയത്. കഴിഞ്ഞതവണ ഹരിയാനയിലെ ഇന്ദ്രി ഗ്രാമത്തില്‍ നടന്ന മഹാപഞ്ചായത്തില്‍ വിവാദപ്രസംഗം നടത്തുകയും പിന്നീട് ബിജെപി വക്താവായി നിയമിക്കപ്പെടുകയും ചെയ്തയാളാണ് സൂരജ് പാല്‍ അമു. മുസ്‌ലിംകളെ ഇന്ത്യയില്‍നിന്ന് പുറത്താക്കണമെന്ന് മഹാപഞ്ചായത്തില്‍ പങ്കെടുത്തവരോട് സൂരജ് ആഹ്വാനം ചെയ്തു. ഇന്ത്യ നമ്മുടെ അമ്മയാണെങ്കില്‍ ഞങ്ങള്‍ പാകിസ്താന്റെ അച്ഛനാണ്.

ഞങ്ങള്‍ അവര്‍ക്ക് വാടകയ്ക്ക് ഇവിടെ വീടുകള്‍ നല്‍കില്ല. അവരെ ഈ രാജ്യത്തുനിന്ന് നീക്കംചെയ്യുക. ഈ നിര്‍ദേശം മഹാപഞ്ചായത്ത് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ക്ക് താടി മുറിക്കാന്‍ അറിയാമെങ്കില്‍ അവരുടെ തൊണ്ട എങ്ങനെ മുറിക്കാമെന്ന് ഞങ്ങള്‍ക്കറിയാം. പള്ളികള്‍ പൊളിച്ചുമാറ്റണം. ഇതുപോലുള്ള കെട്ടിടങ്ങള്‍ അടിത്തറയോടെ പിഴുതെടുത്ത് വലിച്ചെറിയുക- അദ്ദേഹം ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു. തങ്ങളുടെ ഗ്രാമത്തില്‍ ഒരു പള്ളി പണിയാന്‍ അനുവദിക്കാത്ത ബോഹ്ര കലന്‍ ഗ്രാമീണരെ അമു പ്രശംസിച്ചു. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ പ്രദേശത്ത് പാര്‍പ്പിക്കാന്‍ അനുവദിക്കരുത്. 1947 ല്‍ രാജ്യം വിഭജിച്ചു. 10 ലക്ഷം പേരുടെ മൃതദേഹങ്ങള്‍ ഞങ്ങള്‍ കണ്ടു.

മൃതദേഹങ്ങള്‍ എത്രയാണെന്ന് ഇന്നുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ അവര്‍ക്ക് വീടുകളും കടകളും നല്‍കുന്നു. പട്ടൗഡിയില്‍ അവര്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്നത് കണ്ടു. പാര്‍ക്കിന്റെ കല്ലുകള്‍ നിങ്ങള്‍ പിഴുതെറിയുക. യുവാക്കളില്‍ ആരൊക്കെയാണ് കല്ല് പിഴുതെറിയാന്‍ തയ്യാറാവുന്നത്?- മഹാപഞ്ചായത്തില്‍ പങ്കെടുത്തവരോട് ബിജെപി നേതാവ് ചോദിച്ചു. അതേസമയം, ബിജെപി വക്താവിന്റെ പ്രകോപനപ്രസംഗത്തെ ന്യായീകരിച്ച് സംഘാടകനായ സുധീര്‍ മൗദ്ഗില്‍ രംഗത്തുവന്നു.

യോഗത്തില്‍ സൂരജ് പാല്‍ അതിഥിയായി പങ്കെടുത്തതാണെന്നും പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം നിര്‍ദേശിച്ച പ്രമേയം മഹാപഞ്ചായത്ത് പാസാക്കിയിട്ടില്ലെന്നും പറഞ്ഞു. സൂരജ് പാലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഹരിയാനയില്‍നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ രാം രാം എന്ന് ആക്രോശിക്കുമെന്ന് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്.

ഹിന്ദു യുവതികളെ തട്ടിക്കൊണ്ടുപോയാല്‍ മുസ്‌ലിം യുവതികളെയും തട്ടിക്കൊണ്ടുപോവണമെന്ന് ആഹ്വാനം ചെയ്ത സൂരജ്, ഇത് പട്ടൗഡിയിലെ ജിഹാദികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തനം 'ലൗ ജിഹാദ്, ജനസംഖ്യാ നിയന്ത്രണ നിയമം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തത്. 2013 മുതല്‍ ബിജെപി വക്താവായ അമു 2014 മുതല്‍ 2019 വരെ ഹരിയാനയില്‍ പാര്‍ട്ടിയുടെ ചീഫ് മീഡിയാ കോ-ഓഡിനേറ്ററായി സേവനമനുഷ്ഠിച്ചു. കഴിഞ്ഞമാസമാണ് അദ്ദേഹത്തെ വീണ്ടും വക്താവായി നിയമിച്ചത്.

Tags:    

Similar News