'ഈ മാസം 20ന് നേരിട്ട് ഹാജരാവണം'; ആയിശ സുല്‍ത്താനയോട് കവരത്തി പോലിസ്
ആയിശ സുല്‍ത്താനയോട് ഈ മാസം 20ന് നേരിട്ടു ഹാജരാവാന്‍ കവരത്തി പോലിസാണ് നിര്‍ദേശം നല്‍കിയത്.
കവരത്തി: ചാനല്‍ ചര്‍ക്കയിലെ 'ബയോ വെപ്പണ്‍' പരാമര്‍ശത്തില്‍ സിനിമാ പ്രവര്‍ത്തക ആയിശ സുല്‍ത്താനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. ആയിശ സുല്‍ത്താനയോട് ഈ മാസം 20ന് നേരിട്ടു ഹാജരാവാന്‍ കവരത്തി പോലിസാണ് നിര്‍ദേശം നല്‍കിയത്.
ബിജെപി നേതാവിന്റെ പരാതിയില്‍ പോലിസ് ആയിശ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പോലിസ് കേസെടുത്തിരുന്നു. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
'ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത്' എന്നായിരുന്നു പരാമര്‍ശം. രാജ്യവിരുദ്ധമായ പ്രസ്താവനയാണ് ആയിഷ സുല്‍ത്താനയില്‍ നിന്നും ഉണ്ടായതെന്നാണ് ബിജെപി നേതാവ് പരാതി.
ചാനല്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫൂല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും അല്ലാതെ രാജ്യത്തെയോ സര്‍ക്കാരിനേയോ അല്ലെന്നും ആയിശ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
താന്‍ ആ വാക്ക് പ്രയോഗിച്ചത് പ്രഫൂല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ്. പ്രഫൂല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പന്‍ പൊലെയാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ആയിശ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് അഗത്തിയില്‍ ധര്‍ണ നടത്തി. പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു ധര്‍ണ.