കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമായി; ഒരു ബാധ്യതയായി മാറി; എം വി ഗോവിന്ദന്‍
ബിജെപി എന്ന ആര്‍എസ്എസിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഫാഷിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയില്‍ നിന്നുകൊണ്ട് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതു തന്നെയാണ് ആ പാര്‍ടിയില്‍ ജനം വിശ്വാസമര്‍പ്പിക്കാത്തതിന് പ്രധാന കാരണം.
തിരുവനന്തപുരം: തെറ്റായ നയങ്ങളുടെ ഫലമായി സ്വയം നാശത്തിന്റെ പാതയിലാണ് കോണ്‍ഗ്രസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്തമായ സാന്നിധ്യമായി ഈ വന്ദ്യവയോധിക കക്ഷി മാറിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും കോണ്‍ഗ്രസിനെ ഒരു ബാധ്യതയായിട്ടാണ് കാണുന്നത്.
കോണ്‍ഗ്രസുമായി കൈതൊട്ടാല്‍ പരാജയമായിരിക്കും ഫലമെന്ന ബോധ്യത്തിലേക്ക് പ്രാദേശിക കക്ഷികള്‍ പോലും എത്താന്‍ തുടങ്ങി. വര്‍ഗീയതയ്‌ക്കെതിരേ എന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോഴും അതിനെതിരേ എന്തുവിലകൊടുത്തും പൊരുതിനില്‍ക്കുന്ന സംഘടനയാണ് കോണ്‍ഗ്രസ് എന്ന് വിശ്വസിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല.
ബിജെപി എന്ന ആര്‍എസ്എസിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഫാഷിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയില്‍ നിന്നുകൊണ്ട് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതു തന്നെയാണ് ആ പാര്‍ടിയില്‍ ജനം വിശ്വാസമര്‍പ്പിക്കാത്തതിന് പ്രധാന കാരണം. തീവ്രഹിന്ദുത്വത്തെ പരാജയപ്പെടുത്താന്‍ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ലെന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയും കോണ്‍ഗ്രസ് പഠിച്ചിട്ടില്ലെന്നും എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
ബിജെപി ഭിന്നിപ്പിച്ച ഇന്ത്യൻ ജനതയെ യോജിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമായി പറയുന്നത്. എന്നാൽ, ബിജെപി ഭരിക്കുന്ന ഗുജറാത്തു പോലുള്ള സംസ്ഥാനങ്ങളെ പൂർണമായും ജാഥാ റൂട്ടിൽ നിന്ന് ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്നാണ് ചോദ്യം. ആറ് ദശാബ്ദം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടിയുടെ നിഴൽരൂപം മാത്രമാണ് ഇന്നത്തെ പാർട്ടി. 2018ൽ രാജസ്താൻ, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിൽ ജയിച്ചതിനുശേഷം ഒരു തിരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിച്ചിട്ടില്ല.
മുങ്ങുന്ന കപ്പലിൽനിന്ന് രക്ഷപ്പെടുകയാണ് നേതാക്കൾ. സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ വരെ ഇങ്ങനെ ചാടിരക്ഷപ്പെടുകയാണ്. രാഹുൽഗാന്ധിയുടെ യാത്ര കന്യാകുമാരിയിൽ നിന്നും തുടങ്ങി കൊല്ലത്ത് എത്തുമ്പോഴേക്കും ഗോവയിൽ എട്ട് കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ആഭ്യന്തര ജനാധിപത്യമില്ല, കൃത്യമായ പ്രത്യയശാസ്ത്ര പദ്ധതിയില്ല, വ്യക്തമായ നേതൃത്വവുമില്ല, പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസ് ഹിന്ദുത്വരാഷ്ട്രീയത്തെ എതിരിടുകയെന്ന ചോദ്യമാണ് സാധാരണ ജനങ്ങളുടെ മനസ്സില്‍ ഉയരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.