മാവോവാദി വേട്ടയിൽ ദുരൂഹതയേറുന്നു : പോലിസ് പുറത്തുവിട്ട പരിശീലന ദൃശ്യം 2016 ലേത്

അട്ടപ്പാടിയിൽ തമ്പടിച്ച് മാവോവാദികൾ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണെന്നാണ് മാതൃഭൂമി റിപോർട്ടിൽ അവകാശപ്പെടുന്നത്.

Update: 2019-10-31 14:57 GMT

കോഴിക്കോട്: അട്ടപ്പാടിയിലെ മാവോവാദി വേട്ടയിൽ ദുരൂഹതയേറുന്നു. മാവോവാദി സായുധ സംഘത്തിൻറെ പരിശീലന വീഡിയോ എന്ന പേരിൽ പോലിസ് നൽകിയതെന്ന് അവകാശപ്പെട്ട് മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോ 2016 ലേത്. സിപിഐ പ്രതിനിധി സംഘം നാളെ മഞ്ചിക്കണ്ടി സന്ദർശിക്കാനിരിക്കെ പോലിസ് പഴയ വീഡിയോ പുറത്തുവിട്ടത് സംശയം ജനിപ്പിക്കുന്നു.


അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ നടന്ന മാവോവാദി വേട്ടയെത്തുടർന്ന് പോലിസും സർക്കാരും പ്രതിസന്ധിയിലായതിന് പിന്നാലെ പോലിസ് പുറത്തുവിട്ട വീഡിയോ പഴയതെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ഏറ്റുമുട്ടൽ നടന്നെന്നും മാവോവാദികളിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്ന് കണ്ടെടുത്ത വീഡിയോ എന്നവകാശപ്പെടുന്ന ദൃശ്യങ്ങൾ 2016ലേത്. 


2016 നവംബർ 24ന് നിലമ്പൂർ കരുളായി വനത്തിൽ കുപ്പുദേവരാജിൻറെയും അജിതയുടേയും കൊലപാതകത്തിന് പിന്നാലെ പോലിസ് പുറത്തുവിട്ടതും ഇതേ പരിശീലന ദൃശ്യങ്ങളായിരുന്നു. 2016 ഡിസംബർ 26 ന് മനോരമ ചാനലായിരുന്നു ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതേ ദൃശ്യങ്ങൾ മറ്റൊരു എഡിറ്റിങ്ങും കൂടാതെയാണ് മാതൃഭൂമി എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ എന്ന് പറഞ്ഞ് പുറത്തുവിട്ടത്. 


അട്ടപ്പാടിയിൽ തമ്പടിച്ച് മാവോവാദികൾ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണെന്നാണ് മാതൃഭൂമി റിപോർട്ടിൽ അവകാശപ്പെടുന്നത്. കൊല്ലപ്പെട്ട മണിവാസകം, കാർത്തി, രമ, അരവിന്ദ് തുടങ്ങിയവർ പരിശീലനം നടത്തുന്നതാണ് ദൃശ്യങ്ങൾ എന്നും പറയുന്നു. സിപിഐ സംഘം നാളെ മഞ്ചിക്കണ്ടി സന്ദർശിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് പഴയ ദൃശ്യങ്ങൾ പുതിയതെന്ന രീതിയിൽ പോലിസും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. 

Tags:    

Similar News