മാവോവാദി വേട്ടയിൽ കൊല്ലപ്പെട്ട രണ്ടുപേർ അജിതയും അരവിന്ദുമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു
കഴിഞ്ഞ മാസം 28ന് മഞ്ചിക്കണ്ടി ഉൾവനത്തിൽ തണ്ടർബോൾട്ട് വെടിവയ്പ്പിൽ കൊല്ലപ്പെട്ട രണ്ടുപേരെ തിരിച്ചറിയാൻ ദിവസങ്ങളായിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
പാലക്കാട്: മഞ്ചിക്കണ്ടിയിൽ മാവോവാദി വേട്ടയിൽ കൊല്ലപ്പെട്ട മാവോവാദികളിൽ രണ്ടുപേർ അജിതയും അരവിന്ദുമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി അരവിന്ദിൻറെ സുഹൃത്ത്. അടുത്ത ദിവസം തന്നെ തമിഴ്നാട്ടിൽ നിന്ന് ഇവരുടെ ബന്ധുക്കൾ കേരളത്തിലെത്തുമെന്നും കൊല്ലപ്പെട്ട മാവോവാദികളുടെ സുഹൃത്തായ വിവേക് പറഞ്ഞു.
കഴിഞ്ഞ മാസം 28ന് മഞ്ചിക്കണ്ടി ഉൾവനത്തിൽ തണ്ടർബോൾട്ട് വെടിവയ്പ്പിൽ കൊല്ലപ്പെട്ട രണ്ടുപേരെ തിരിച്ചറിയാൻ ദിവസങ്ങളായിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. 29ന് കൊല്ലപ്പെട്ട മണിവാസകത്തെയും കാർത്തിയെയും മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. കൊല്ലപ്പെട്ട സ്ത്രീ കർണാടക സ്വദേശി ശ്രീമതിയും മറ്റൊരാൾ സുരേഷുമാണെന്നായിരുന്നു ആദ്യം പോലിസ് പറഞ്ഞത്.
എന്നാൽ കർണാടകത്തിൽ നിന്നെത്തിയ നക്സൽവിരുദ്ധ സ്ക്വാഡ് ഈ സാധ്യത തളളിക്കളഞ്ഞു. ഇതോടെ, മരിച്ചത് തമിഴ്നാട് സ്വദേശികളായ രമയും അരവിന്ദുമെന്ന് പോലിസ് പറഞ്ഞു. രമയെ അന്വേഷിച്ച് ബന്ധുക്കളാരും എത്തിയതുമില്ല. പോലിസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്നുമാണ് മരിച്ചത് അരവിന്ദും കന്യാകുമാരി സ്വദേശി അജിതയുമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ചെന്നൈ സ്വദേശിയായ അരവിന്ദ് 10 വർഷത്തിലേറെയായി നാടുമായി ഒരു ബന്ധവുമില്ല. ഇയാൾ നേരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നെന്നും സുഹൃത്തായ വിവേക് പറഞ്ഞു. അടുത്ത ദിവസം തന്നെ പാലക്കാട്ടെത്തുന്ന ബന്ധുക്കൾ പോലിസ് ഉദ്യോഗസ്ഥരെ കണ്ട് മൃതദേഹം ഏറ്റെടുക്കാനുളള നടപടികൾക്ക് തുടക്കമിടും.