സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണമെന്ന് ആവശ്യം; നാഗാലാന്റില്‍ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു

Update: 2021-12-07 03:50 GMT

കൊഹിമ: സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്റില്‍ ജനകീയ പ്രതിഷേധം ശക്തമാവുന്നു. സൈന്യത്തിന്റെ വെടിവെപ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം. നാട്ടുകാരുടെ ആവശ്യം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൂടി ഏറ്റെടുക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുഴുവന്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണമെന്ന ആവശ്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. പ്രതിപക്ഷം ഒന്നാകെ ഭരണപക്ഷത്തേക്ക് കൂറുമാറിയ സംസ്ഥാനമാണ് നാഗാലാന്റ്. ഇവിടെ എന്‍ഡിഎ ഘടകകക്ഷിയായ ഭരണപക്ഷവും പ്രത്യേകാധികാരം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം വെടിവെപ്പിനെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. വരും ദിവസങ്ങളിലും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ പ്രതിഷേധം തുടരുമെന്നാണ് സൂചന. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് നാഗാലാന്റ് സന്ദര്‍ശിക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ ദീര്‍ഘകാലമായ ആവശ്യങ്ങളിലൊന്നാണ് പ്രത്യേക സൈനികാധികാര നിയമം റദ്ദാക്കണമെന്നത്. നാഗാലാന്‍ഡ് അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക സൈനികാധികാര നിയമത്തിനെതിരേ നഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ നേരത്തെ രംഗത്തെത്തിയിരുന്നു. നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആളുമാറി ഒരു ഗ്രാമീണനെ സൈന്യം വെടിവച്ചുകൊന്നതിനു പിന്നാലെ 14 പേര്‍ സൈന്യത്തിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര നിയമത്തിനെതിരേ ആഞ്ഞടിച്ചത്.

'നാഗാലാന്‍ഡിലെ നാഗാ ജനത എക്കാലവും പ്രത്യേക സൈനികധികാര നിയമത്തെ എതിര്‍ത്തിട്ടുണ്ട്. അത് പിന്‍വലിക്കണം' അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ 11 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രത്യേക സൈനിക അധികാര നിയമം അഥവാ എഎഫ്എസ്പിഎ ആരെയും തോക്കെടുത്ത് വെടിവച്ച് കൊല്ലാനുളള അധികാരം നല്‍കുന്നില്ലെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി. ലൊകൂര്‍. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രത്യേക സൈനികാധികാരത്തിന്റെ പരിധിയെക്കുറിച്ച് വ്യക്തമാക്കിയത്.

വാറന്റില്ലാതെ ആരെയും ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും സൈന്യത്തിന് അധികാരം നല്‍കുന്നത് ഈ നിയമത്തിന്റെ ഏറ്റവും വികലമായ പ്രയോഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ സൈന്യത്തിന് വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. കേന്ദ്രസര്‍ക്കാര്‍ 21 പാരാസ്‌പെഷ്യല്‍ പോലിസിനെ വിചാരണയില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നാഗാലാന്‍ഡ് പോലിസ് തുടങ്ങിവച്ച അന്വേഷണം വൃഥാവിലാവും.

നാഗാലാന്‍ഡിലെ കേസില്‍ സൈന്യം അവര്‍ക്കിഷ്ടമുള്ളത് ചെയ്യുകയാണ് ചെയ്തത്. കൊല ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയുളള നടപടിയായേ ഇതിനെ കാണാനാവൂ. അതും അന്വേഷണത്തിനനുസരിച്ചിരിക്കും നിയമത്തിനുമുന്നില്‍ വരികയെന്നും ജസ്റ്റിസ് ലൊകൂര്‍ പറഞ്ഞു.

2017ല്‍ മണിപ്പൂരില്‍ പ്രത്യേക സൈനികാധികാരത്തിന്റെ മറവില്‍ നിരവധി പേരെ കൊന്നൊടുക്കിയപ്പോള്‍ അതിനെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിച്ച ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ലൊകൂര്‍.

Tags:    

Similar News