നാര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന് പിന്തുണയുമായി കെസിബിസി

മയക്കുമരുന്ന് കച്ചവടത്തിലൂടെയുള്ള പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു

Update: 2021-09-11 14:39 GMT

കൊച്ചി: മുസ്‌ലിം സമുദായത്തിനെതിരേ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി രംഗത്തുവന്ന പാലാ ബിഷപ്പ് മാര്‍. ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരള കാത്തലിക്ക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെസിബിസി). മാര്‍. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ഉത്തരവാദിത്തത്തോടെ ചര്‍ച്ച ചെയ്യുകയാണ് യുക്തമെന്ന് കെസിബിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാര്‍ഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഈ പശ്ചാത്തലത്തില്‍ ചില സംഘടനകള്‍ കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയും അതെക്കുറിച്ച് യുവജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത പാലാ ബിഷപ്പിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ഉത്തരവാദിത്തത്തോടെ ചര്‍ച്ച ചെയ്യുകയാണ് യുക്തം. തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കകള്‍ ഉള്‍ക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെസിബിസി പറയുന്നു.

കേരളസമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയലക്ഷ്യത്തോടെയാണെന്ന മുന്‍വിധി ആശാസ്യമല്ല. പകരം ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണം. വര്‍ഗീയധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവര്‍ത്തിത്വവുമാണ് കത്തോലിക്കാ സഭ ലക്ഷ്യംവയ്ക്കുന്നത്. സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടുകയും വേണമെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.

കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതില്‍ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ധനവും. മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങള്‍ക്ക് നല്‍കുന്നില്ലെങ്കില്‍ തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാര്‍ത്തകളിലൂടെ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാണ്. ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ കണ്ണികളുണ്ടെന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തില്‍ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങള്‍ നടത്തിയതായി അറിവില്ലെന്ന് കെസിബിസി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News