വയനാട് ഏറ്റുമുട്ടൽ കൊല: സമഗ്രാന്വേഷണം വേണം; എൻസിഎച്ച്ആർഒ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി
ന്യൂഡൽഹി: വയനാട് പടിഞ്ഞാറത്തറ വാളാരംകുന്നിൽ പോലിസ് വെടിവെപ്പിൽ മാവോവാദി
കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് എൻസിഎച്ച് ആർഒ
ആവശ്യപ്പെട്ടു. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൻസിഎച്ച്ആർഒ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി.
വയനാട്ടിൽ നടന്നത് ഏറ്റുമുട്ടൽ കൊലയാണെന്നാണ് പോലിസ് ഭാഷ്യം. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. മാവോവാദി കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എൻസിഎച്ച്ആർഒ ജോയിന്റ് കോഡിനേറ്റർ ഇഷു ജൈസ്വാൾ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്ന് ഡൽഹി സ്റ്റേറ്റ് സെക്രട്ടറി അഡ്വ. അൻസാർ ഇൻഡോരി അറിയിച്ചു. കേരള പോലീസും തണ്ടർബോൾട്ട് സംഘവും സംയുക്തമായാണ് വെടിവെപ്പിന് നേതൃത്വം നൽകിയത്. സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഏറ്റുമുട്ടൽ കൊല നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് പ്രാഥമികമായ വിവരങ്ങൾ. സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും എൻസിഎച്ച്ആർഒ ആവശ്യപ്പെട്ടു.