മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ബിജെപി സഖ്യത്തിലേക്ക്; ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: ദേശീയ രാഷ്ട്രീയത്തില്‍ ഞെട്ടിച്ച കൂടുമാറ്റവുമായി മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍. അജിത് പവാറും 29 എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ബിജെപി-ഏകനാഥ് ഷിന്‍ഡെ സഖ്യ സര്‍ക്കാരിനൊപ്പം ചേര്‍ന്നു. ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി ഉപമുഖ്യമന്ത്രി പദം പങ്കിടും. 29 എംഎല്‍എമാരുമായാണ് അജിത് പവാര്‍ സര്‍ക്കാരിന്റെ ഭാഗമാവുന്നത്. ഇതിനു മുന്നോടിയായി തന്നെ പിന്തുണയ്ക്കുന്ന 29 എംഎല്‍എമാരുമായാണ് അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അജിത് പവാറിന്റെ കൂറുമാര്‌റം.
ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയില്‍ എന്‍സിപി നിയമസഭാംഗങ്ങളുടെ ഒരു സംഘം യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ എന്‍സിപി വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ എന്നിവരും പങ്കെടുത്തിരുന്നു. എന്നാല്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്ന് ഈയിടെ ശരത്പവാര്‍ ഒഴിഞ്ഞിരുന്നു. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനോടൊപ്പമാണ് അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. അജിത് പവാറിനൊപ്പമുള്ള 9 എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നാണ് റിപോര്‍ട്ട്.