ഇടുക്കിയിലെ കനത്ത തിരിച്ചടി: ബിഡിജെഎസില്‍ പൊട്ടിത്തെറി
തുഷാറിനെതിരേ ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍
തൊടുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ബിഡിജിഎസില്‍ പൊട്ടിത്തെറി. ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജു കൃഷ്ണന്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരേ പരസ്യമായി രംഗത്തെത്തി. ഇരുവരുടെയും നിലപാടുകളാണ് ഇടുക്കിയിലെ വന്‍ പരാജയത്തിന് കാരണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍ പറഞ്ഞു. ബിഡിജെഎസ് ഒരു പിന്തുണയും നല്‍കിയില്ല. ജില്ലയിലെ ബിഡിജെഎസ് നേതാക്കള്‍ വോട്ടുമറിച്ചതാണ് തോല്‍വിയുടെ ആഴം കൂട്ടിയത്. തുഷാര്‍ വെള്ളാപ്പള്ളി ഇടുക്കിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. നിയമസഭ മണ്ഡലങ്ങളിലെ ബിഡിജെഎസ് നേതാക്കള്‍ പണം വാങ്ങി വോട്ട് മറിച്ചതായി സംശയമുണ്ട്. ബിജെപി പൂര്‍ണമായും കൂടെ നിന്നു. ബിഡിജെഎസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും ബിജു കൃഷ്ണന്‍ വ്യക്തമാക്കി. എന്‍ഡിഎയുടെ ബിഡിജെഎഎസ് സ്ഥാനാര്‍ത്ഥിക്ക് ഇടുക്കിയില്‍ ലഭിച്ചത് 78,648 വോട്ടുകളാണ്. വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 92,405 വോട്ടുകളുടെ കുറവ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഒന്നേകാല്‍ ലക്ഷം വോട്ടുകള്‍ ലഭിച്ചിരുന്നു. ഇതില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച നിയമസഭ മണ്ഡലങ്ങളിലാണ് ഏറ്റവും അധികം വോട്ട് കുറഞ്ഞതെന്നും ബിജു കൃഷ്ണന്‍ ആരോപിച്ചു.