പിജി നീറ്റ് പരീക്ഷ മാറ്റേണ്ടതില്ല; വിദ്യാര്‍ഥികളുടെ ആവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: പിജി നീറ്റ് പരീക്ഷാ തിയ്യതി മാറ്റിവയ്ക്കണമെന്ന ഒരുസംഘം വിദ്യാര്‍ഥികളുടെ ആവശ്യം സുപ്രിംകോടതി തള്ളി. പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ഇതോടെ മുന്‍നിശ്ചയപ്രകാരം മെയ് 21ന് തന്നെ നീറ്റ് പരീക്ഷ നടക്കും. കഴിഞ്ഞ വര്‍ഷത്തെ കൗണ്‍സിലിങ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ രണ്ടുമാസത്തേയ്‌ക്കെങ്കിലും പരീക്ഷ നീട്ടിവയ്ക്കണമെന്നുമായിരുന്നു ഹരജിക്കാരായ വിദ്യാര്‍ഥികളുടെ ആവശ്യം. കുറച്ചുവിദ്യാര്‍ഥികള്‍ക്കായി രണ്ടുലക്ഷത്തോളം പേര്‍ എഴുതുന്ന പരീക്ഷ മാറ്റേണ്ടതില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
പരീക്ഷ നീട്ടിവയ്ക്കുന്നത് രാജ്യത്ത് ഡോക്ടര്‍മാരുടെ ക്ഷാമം സൃഷ്ടിക്കുമെന്നും നിലവില്‍ തന്നെ എണ്ണം കുറവാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരീക്ഷ മാറ്റിവയ്ക്കുന്നത് അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നീറ്റ് പിജി പരീക്ഷാ തിയ്യതിയില്‍ മാറ്റമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 21ന് തന്നെ നടക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പരീക്ഷ ജൂലൈ 9 ലേക്ക് മാറ്റിയെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. 15,000 വിദ്യാര്‍ഥികളാണ് നീറ്റ് പിജി പരീക്ഷ എഴുതുന്നത്.