'ഗാന്ധിജിയുടെ ഇന്ത്യയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല'; ഡല്‍ഹിയില്‍ നിന്നും തിരിച്ചയച്ചതായി അഫ്ഗാന്‍ വനിതാ എംപി

Update: 2021-08-26 13:01 GMT

ന്യൂഡല്‍ഹി: ആഗസ്ത് 20 ന് ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ തിരിച്ചയച്ചതായി അഫ്ഗാന്‍ പാര്‍ലമെന്റിലെ വനിതാ അംഗം രംഗീന കാര്‍ഗര്‍. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് ശേഷം ഇന്ത്യയിലെത്തിയ തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവയ്ക്കുകയും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചയക്കുകയുമായിരുന്നെന്ന് രംഗീന പറഞ്ഞതായി ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഗാന്ധിജിയുടെ ഇന്ത്യയില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല'. എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയച്ചതില്‍ നിരാശ പ്രകടിപ്പിച്ച കാര്‍ഗര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഫര്യാബ് പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന രംഗീന 2010 മുതല്‍ വോള്‍സി ജിര്‍ഗയിലെ(അഫ്ഗാന്‍ പാര്‍ലമെന്റ്) അംഗമാണ്. ആഗസ്ത് 20ന് നയതന്ത്ര പാസ്‌പോര്‍ട്ടുമായി ഇസ്തംബൂളില്‍ നിന്ന് ദുബായ് വിമാനത്തില്‍ കാര്‍ഗന്‍ ഡല്‍ഹിയിലെത്തിയത്. ഇതിന് മുന്‍പും ഇതേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പലതവണ ഡല്‍ഹിയിലെത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ഇത്തവണ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുണ്ടെന്ന് പറഞ്ഞ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം ഇസ്തംബൂളിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നെന്ന് കാര്‍ഗര്‍ പറഞ്ഞു.

'അവര്‍ എന്നെ തിരിച്ചയച്ചു, ഒരു കുറ്റവാളിയോടെന്ന പോലെയാണ് പെരുമാറിയത്. ദുബായില്‍ വച്ച് എന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ല. ഇസ്താംബൂളില്‍ എത്തിയപ്പോള്‍ മാത്രമാണ് എനിക്ക് പാസ്‌പോര്‍ട്ട് തിരികെ നല്‍കിയത്'. രംഗീന കാര്‍ഗര്‍ പറഞ്ഞു.

'അവര്‍ എന്നോട് ചെയ്തത് ശരിയായ നടപടിയല്ല. കാബൂളിലെ സ്ഥിതി മാറി, ഇന്ത്യന്‍ സര്‍ക്കാര്‍ അഫ്ഗാന്‍ സ്ത്രീകളെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഒരു കാരണവും വ്യക്തമാക്കാതെയാണ് തന്നെ തിരിച്ചയച്ചത്'. അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയുമായി സൗഹൃദത്തിലാണ്, ഞങ്ങള്‍ക്ക് ഇന്ത്യയുമായി തന്ത്രപരമായ ബന്ധമുണ്ട്, ഇന്ത്യയുമായി ചരിത്രപരമായ ബന്ധമുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ അവര്‍ ഒരു വനിതാ പാര്‍ലമെന്റ് അംഗത്തോട് ഇങ്ങനെയാണ് പെരുമാറിയത്'. കാര്‍ഗര്‍ പറഞ്ഞു.

Tags:    

Similar News