ഇടുക്കി എയര്‍സ്ട്രിപ്പ് പെരിയാര്‍ കടുവാസങ്കേതത്തിന് ഭീഷണി; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കത്തുകള്‍ പുറത്ത്
കടുവ സങ്കേതത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് വനം മേധാവിയും വനം മന്ത്രിയും അവഗണിച്ചുവെന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്.
കൊച്ചി: ഇടുക്കി ജില്ലയിലെ കുമളിക്കടുത്ത് സത്രത്ത് എന്‍സിസിക്ക് വേണ്ടി പിഡബ്ല്യൂഡി നിര്‍മിക്കുന്ന എയര്‍സ്ട്രിപ്പ് പെരിയാര്‍ കടുവ സങ്കേതത്തിന് ഭീഷണിയാകുമെന്ന് കാണിച്ച് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനം മേധാവിക്ക് നല്‍കിയ കത്തുകള്‍ പുറത്ത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ വകുപ്പ് മന്ത്രി പ്രതിസന്ധിയിലായി.
യാതൊരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് എന്‍സിസിയും പിഡബ്ല്യൂഡിയും എയര്‍ സ്ട്രിപ്പ് നിര്‍മാണവുമായി മുന്നോട്ട് പോകുന്നതെന്ന് വനം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ കടുവ സങ്കേതത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് വനം മേധാവിയും വനം മന്ത്രിയും അവഗണിച്ചുവെന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്.
പെരിയാര്‍ കടുവാ സങ്കേതത്തിനു സമീപം എന്‍സിസിക്കു വേണ്ടി പിഡബ്ല്യൂഡി നിര്‍മ്മിക്കുന്ന എയര്‍ സ്ട്രിപ്പിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഹെലികോപ്ടറുകളും ചെറുവിമാനങ്ങളും ഇറക്കുകയാണ് എയര്‍ സ്ട്രിപ്പിന്റെ പ്രധാന ലക്ഷ്യം. പക്ഷേ പെരിയാര്‍ കടുവാ സങ്കേതത്തിനു ഏതാനും വാര അകലെയുള്ള എയര്‍ സ്ട്രിപ്പിന്റെ നിര്‍മാണം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കാണിച്ചാണ് ഈ മേഖലയിലെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്ത് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10-ന് പെരിയാര്‍ കടുവാ സങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ പ്രമോദ് പി പി ഐഎഫ്എസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കിയ കത്തില്‍ പാരിസ്ഥിതിക ഭീഷണി അക്കമിട്ട് പറയുന്നു. കടുവാ സങ്കേതത്തിന് 630 മീറ്റര്‍ അകലെ നിര്‍മിക്കുന്ന എയര്‍ സ്ട്രിപ്പിന്റെ നിര്‍മാണണത്തിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ പിഡബ്ല്യൂഡിയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്ന് ഫീല്‍ഡ് ഡയറക്ടറുടെ കത്ത് പറയുന്നു.
കടുവാ സങ്കേതത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന നിര്‍മാണത്തിന് ദേശിയ വന്യജീവി ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ഈ അനുമതിക്കായി എന്‍സിസിയോ പിഡബ്ല്യൂഡിയോ ശ്രമം നടത്തിയില്ല. വിമാനങ്ങള്‍ റണ്‍ വേയിലേക്ക് ഇറങ്ങുന്നതും പറന്നുയരുന്നതും കടുവാ സങ്കേതത്തിന് മുകളിലൂടെയാണ്. വിമാനങ്ങളുടെ ശബ്ദമലിനീകരണം കടുവാ സങ്കേതത്തെ ബാധിക്കും. എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്ന പ്രദേശം കടവുകളുടെ പ്രജനന കേന്ദ്രമാണ്. കടുവകളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം വന്നാല്‍ അത് നാട്ടിലേക്കിറങ്ങി മനുഷ്യനുമായുള്ള സംഘര്‍ഷത്തിനു വഴിവെക്കുമെന്നും ഫീല്‍ഡ് ഡയറക്ടര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.