യുപി ഷിയാ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡംഗം വസീം റിസ്‌വിക്കെതിരേ ബലാല്‍സംഗ ആരോപണം

Update: 2021-06-24 02:06 GMT

ലഖ്‌നോ: 'യഥാര്‍ഥ ഖുര്‍ആന്‍' എന്ന പേരില്‍ പുതിയ ഖുര്‍ആനുമായി രംഗത്തെത്തി വിവാദത്തിലായ ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അംഗവും മുന്‍ ചെയര്‍മാനുമായ വസീം റിസ്‌വിക്കെതിരേ ബലാല്‍സംഗ ആരോപണം. അദ്ദേഹത്തിന്റെ ഡ്രൈവറുടെ ഭാര്യയാണ് ചൊവ്വാഴ്ച അഭിഭാഷകര്‍ക്കൊപ്പം സാദത്ഗഞ്ച് പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. അശ്ലീല വീഡിയോകളും ഫോട്ടോകളും കാണിച്ച് റിസ് വി തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതായി പോലിസ് പറഞ്ഞു. തന്റെ ഭര്‍ത്താവായ അദ്ദേഹത്തിന്റെ ഡ്രൈവറെ എന്തെങ്കിലും ജോലിയോ മറ്റോ പറഞ്ഞ് പുറത്തേക്കയച്ച് വസീം റിസ് വി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എതിര്‍ത്തപ്പോള്‍ തന്റെ അശ്ലീല വീഡിയോകളും ഫോട്ടോകളും വൈറലാക്കുമെന്ന് റിസ് വി ഭീഷണിപ്പെടുത്തി. താങ്ങാന്‍ കഴിയാതായതോടെ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞു. ഭര്‍ത്താവ് വസീം റിസ്‌വിയുമായി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെയും മര്‍ദ്ദിച്ചു.

    അതേസമയം, ഡ്രൈവര്‍ തന്റെ എതിരാളികളുമായി ആശയവിനിമയം നടത്തുകയാണെന്നും തന്റെ വിവരങ്ങള്‍ അവര്‍ക്ക് കൈമാറുകയാണെന്നും വസീം റിസ് വി പറഞ്ഞു. ഈയിടെയാമ് 'യഥാര്‍ത്ഥ ഖുര്‍ആന്‍' എന്ന പേരില്‍ പുതിയ ഖുര്‍ആന്‍ സമാഹാരം റിസ് വി പ്രസിദ്ധീകരിച്ചത്. ഇതേത്തുടര്‍ന്ന് മുസ് ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയതിന് ഷിയാ വഖ്ഫ് ബോര്‍ഡ് അംഗം വസീം റിസ്‌വിക്കെതിരേ കേസെടുക്കണമെന്ന് ലഖ്‌നോവിലെ ഷിയാ പണ്ഡിതര്‍ തന്നെ രംഗത്തെത്തിയിരുന്നു. 'എന്റെ സുരക്ഷ കണക്കിലെടുത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഡ്രൈവറെ പുറത്താക്കിയിരുന്നു. ഞാന്‍ അദ്ദേഹത്തിന് നല്‍കിയ വീടും ഒഴിപ്പിച്ചു. അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് ഇപ്പോള്‍ എന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുകയാണെന്നാണ് റിസ് വിയുടെ വാദം. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സദത്ഗഞ്ച് പോലിസ് അറിയിച്ചു.

New Quran writer Rizvi accused of rape

Tags:    

Similar News