മോഡലുകളുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍: ഔഡി കാര്‍ പിന്തുടര്‍ന്നു
ഇവര്‍ ഹോട്ടലില്‍ നിന്നു മടങ്ങുമ്പോള്‍ കുണ്ടന്നൂരില്‍വച്ച് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുമായി തര്‍ക്കമുണ്ടായെന്ന വിവരം പോലിസിനു ലഭിച്ചിരുന്നു
കൊച്ചി: പാലാരിവട്ടത്തിനു സമീപം കാര്‍ മരത്തിലിടിച്ച് മുന്‍ മിസ് കേരള അന്‍സി കബീര്‍, മുന്‍ മിസ് കേരള റണ്ണറപ് അഞ്ജന ഷാജന്‍, സുഹൃത്ത് കെ എ മുഹമ്മദ് ആഷിഖ് എന്നിവര്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. അപകടത്തില്‍പ്പെട്ട വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്‍ മൊഴി നല്‍കി. ഹോട്ടലില്‍നിന്ന് ഒരു ഔഡി കാര്‍ പിന്തുടര്‍ന്നതായാണ് മൊഴി. ഇത് ഉറപ്പിക്കാവുന്ന വിഡിയോ ദൃശ്യങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്. കാറുകളുടെ മത്സരയോട്ടം നടന്നോയെന്നാണ് പോലിസ് പരിശോധിക്കുന്നത്.
ഇവര്‍ ഹോട്ടലില്‍ നിന്നു മടങ്ങുമ്പോള്‍ കുണ്ടന്നൂരില്‍വച്ച് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുമായി തര്‍ക്കമുണ്ടായെന്ന വിവരം പോലിസിനു ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരുന്നതായാണ് പോലിസ്് വിശദീകരണം. വിഡിയോ ദൃശ്യങ്ങളിലുള്ള വാഹനം ഇവരെ ലക്ഷ്യമിട്ടു തന്നെയാണോ അതിവേഗത്തിലെത്തിയത് എന്നതിലും വ്യക്തത വരാനുണ്ട്. ദുരൂഹത നീങ്ങാന്‍ ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്യേണ്ടി വരും.റിമാന്‍ഡിലുള്ള അബ്ദുല്‍ റഹ്മാനെ പോലിസിനു തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അദ്ദേഹത്തെ ചോദ്യം ചെയ്യല്‍ നടത്തിയാല്‍ മാത്രമേ അപകടവുമായി ബന്ധപ്പെട്ട് വ്യക്തത ലഭിക്കൂ. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് പരിശോധന നടത്തിയ മട്ടാഞ്ചേരിയിലെ ഹോട്ടല്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ ഒളിവിലാണ്്. ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നാണ് വിവരം. ഇയാളുടെ നിര്‍ദേശ പ്രകാരം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയിരുന്നു.