ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് റെയ്ഡ്; കംപ്യൂട്ടറുകളും രേഖകളും പിടിച്ചെടുത്തു

വ്യാഴാഴ്ച രാവിലെ 7.30 ഓടെ 15ല്‍ അധികം വരുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയിലെ അബുല്‍ ഫസല്‍ എന്‍ക്ലേവിലെ എച്ച്ഡബ്ല്യുഎഫ് ഓഫിസില്‍ റെയ്ഡ് നടത്തിയതായി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Update: 2020-10-29 14:42 GMT

ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ (എച്ച്ഡബ്ല്യുഎഫ്) ഡല്‍ഹി ഓഫിസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. നിരവധി രേഖകളും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവയും സംഘം കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെ 7.30 ഓടെ 15ല്‍ അധികം വരുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയിലെ അബുല്‍ ഫസല്‍ എന്‍ക്ലേവിലെ എച്ച്ഡബ്ല്യുഎഫ് ഓഫിസില്‍ റെയ്ഡ് നടത്തിയതായി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അക്കൗണ്ട് വിഭാഗത്തിന്റെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുടേയും പബ്ലിക് റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റിന്റേയും ചില ഫയലുകളും രേഖകളും ലാപ്‌ടോപ്പ്, കംപ്യൂട്ടറുകള്‍ എന്നിവയും സംഘം കൊണ്ടുപോയതായും അദ്ദേഹം അറിയിച്ചു.ഫൗണ്ടേഷന്റെ ട്രഷറര്‍ മുഹമ്മദ് ജാഫറിനെയും ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) പി കെ നൗഫലിനെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുഴല്‍ക്കിണര്‍ സ്ഥാപിക്കല്‍, കിണറുകള്‍ കുഴിക്കല്‍, മൈക്രോഫിനാന്‍സ്, ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തന മേഖലകളെന്ന് ആരിഫലി പറഞ്ഞു. ഫൗണ്ടേഷന്‍ അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയമപരമായ ചട്ടക്കൂടിനുള്ളിലും രാജ്യത്തിന്റെ ഭരണഘടനയുടെ പരിധിയിലുമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ദാരിദ്ര്യരേഖയ്ക്ക് താഴെ ധാരാളം ആളുകള്‍ താമസിക്കുന്ന രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്കന്‍ മേഖലകളിലെ ദാരിദ്ര്യബാധിത പ്രദേശങ്ങളാണ് ഫൗണ്ടേഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സ്വയം സഹായ ഗ്രൂപ്പുകളിലൂടെയും ഉപജീവന പദ്ധതികളിലൂടെയും സ്ത്രീ ശാക്തീകരണത്തിനായി ഫൗണ്ടേഷന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെന്ന് ആരിഫലി പറഞ്ഞു. ഫൗണ്ടേഷനു കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആശുപത്രികളും സ്‌കൂളുകളും ഡിസ്‌പെന്‍സറികളും വിജയകരമായി നടത്തുന്നു.ഫൗണ്ടേഷന്റെ സേവനങ്ങളെ പല മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വകുപ്പുകളും വിലമതിച്ചിട്ടുണ്ടെന്നും നിരവധി രാഷ്ട്രീയ നേതാക്കള്‍ ഫൗണ്ടേഷന്റെ വികസന പരിപാടികളും പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യുകയോ അനുമോദിക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും സുതാര്യമാണെന്നും അതിന്റെ രേഖകള്‍ ശരിയായി ഓഡിറ്റ് ചെയ്ത് ആദായനികുതി വകുപ്പിനും ചാരിറ്റി കമ്മീഷണര്‍ക്കും വര്‍ഷം തോറും സമര്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി ഫൗണ്ടേഷന്‍ സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News