ഡല്‍ഹി മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ മേധാവിയുടെ ഓഫിസില്‍ ഉള്‍പ്പെടെ എന്‍ഐഎ റെയ്ഡ്

ശ്രീനഗറിലെയും ഡല്‍ഹിയിലേയും ആറ് എന്‍ജിഒ, ട്രസ്റ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പതിടങ്ങളില്‍ റെയ്ഡ് തുടരുകയാണെന്ന് പേര് വെളിപ്പെടുത്താത്ത എന്‍ഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു.

Update: 2020-10-29 11:00 GMT

ന്യൂഡല്‍ഹി: 'തീവ്രവാദത്തിന് ധനസഹായ'വുമായി ബന്ധപ്പെട്ട കേസില്‍ ജമ്മു കശ്മീരിലെയും ഡല്‍ഹിയിലെയും ഒമ്പതിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച റെയ്ഡ് നടത്തി.മുന്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മേധാവി സഫറുല്‍ ഇസ്‌ലാം ഖാനുമായി ബന്ധപ്പെട്ട വസ്തുവകകളും ഏജന്‍സി റെയ്ഡ് ചെയ്തു.

ശ്രീനഗറിലെയും ഡല്‍ഹിയിലേയും ആറ് എന്‍ജിഒ, ട്രസ്റ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പതിടങ്ങളില്‍ റെയ്ഡ് തുടരുകയാണെന്ന് പേര് വെളിപ്പെടുത്താത്ത എന്‍ഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു.

ഫലാഹെ ആം ട്രസ്റ്റ്, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി അലയന്‍സ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ജെ & കെ യതീം ഫ ഫൗണ്ടേഷന്‍, സാല്‍വേഷന്‍ മൂവ്‌മെന്റ്, ജെ & കെ വോയ്‌സ് ഓഫ് വിക്ടിംസ് (ജെകെവിവി) തുടങ്ങിയവയുടെ ഓഫീസുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ദി മില്ലി ഗസറ്റ് എഡിറ്ററും അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ മുന്‍ പ്രസിഡന്റും ഫറോസ് മീഡിയ ആന്‍ഡ് പബ്ലിഷിങ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ സഫറുല്‍ ഇസ്ലാം ഖാന്‍ ആണ് ചാരിറ്റി അലയന്‍സ് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ ശ്രീനഗറിലും ബന്ദിപോരയിലും ബെംഗളൂരുവിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

ജമ്മു കശ്മീര്‍ സിവില്‍ സൊസൈറ്റി കോഓര്‍ഡിനേറ്റര്‍ ഖുറം പര്‍വേസ്, അദ്ദേഹത്തിന്റെ കൂട്ടാളികളായ പര്‍വേസ് അഹ്മദ് ബുഖാരി, പര്‍വേസ് അഹ്മദ് മാട്ട, ബെംഗളൂരു ആസ്ഥാനമായുള്ള അസോസിയേറ്റ് സ്വാതി ശേശാദ്രി, പര്‍വീന അഹാംഗര്‍ എന്നിവരുടെ വീട്ടിലും ഓഫിസുകളിലും എന്‍ഐഎ തിരച്ചില്‍ നടത്തി. ചില എന്‍ജിഒകളും ട്രസ്റ്റുകളും സ്വദേശത്ത് നിന്നും വിദേശത്തുനിന്നും സംഭാവനകള്‍ സ്വീകരിച്ച് ജമ്മു കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി വിശ്വസനീയ്യ വിവരങ്ങള്‍ ലഭിച്ചെന്ന് അവകാശപ്പെട്ട് ഈ മാസം എട്ടിനാണ് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്‍ഐഎ റെയ്ഡിനെ എഐഎംഎം പ്രസിഡന്റ് നവീദ് ഹമീദ് അപലപിച്ചു. സഫറുല്‍ ഇസ്‌ലാം ഖാന്റെ വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡുകളെ എസ്ഡിപിഐ ശക്തമായി അപലപിച്ചു.

Tags:    

Similar News