എന്‍ഐഎ സംഘം കൊച്ചി ഇ ഡി ഓഫിസിലെത്തി; ജലീലിന്റെ മൊഴി പരിശോധിച്ചു

ഇ ഡി ജലീലിനോട് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നല്‍കിയ മറുപടിയും വിശദമായി പരിശോധിച്ചു.

Update: 2020-09-17 01:03 GMT

കൊച്ചി: മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ, എന്‍ഐഎ സംഘം കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തി മൊഴി പരിശോധിച്ചു. ഇ ഡി ജലീലിനോട് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നല്‍കിയ മറുപടിയും വിശദമായി പരിശോധിച്ചു. സ്വര്‍ണക്കടത്ത് കേസിലെ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഐഎ ജലീലിന്റെ മൊഴിയും പരിശോധിച്ചത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി മന്ത്രിയുടെ മൊഴിയെടുത്തത് രണ്ടു ദിവസമായിട്ടാണെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ജലീലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ഡല്‍ഹിയില്‍ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയില്‍ തീരുമാനമെടുക്കും.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജലീലിനെ ചോദ്യം ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്.യുഎഇയില്‍ നിന്ന് ഖുര്‍ആന്‍ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ വ്യാഴാഴ്ച ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന് വിശദീകരണം നല്‍കിയിരുന്നു.

ഇതിനിടെ, ചെന്നൈയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. എന്നാലിത് രണ്ട് മാസം കൂടുമ്പോഴുള്ള പതിവ് സന്ദര്‍ശനമാണെന്നും സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകള്‍ വിലയിരുത്തിയെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരുമായിട്ടടക്കം അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Tags:    

Similar News