മസ്‌കത്ത് പള്ളിക്കു സമീപത്തെ വെടിവയ്പ്: മരണം ഒമ്പതായി; കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരനും

Update: 2024-07-16 17:52 GMT

ഒമാന്‍: മസ്‌കത്തിലെ വാദികബീറിലെ പള്ളിയില്‍ തിങ്കളാഴ്ച വൈകീട്ടോടെയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. ഇതില്‍ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മസ്‌കത്തിലെ അലി ബിന്‍ അബി താലിബ് പള്ളിയിലുണ്ടായ വെടിവയ്പില്‍ മറ്റൊരു ഇന്ത്യക്കാരന്‍ പരിക്കേറ്റ് ചികില്‍സയിലുണ്ട്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ അക്രമിസംഘത്തില്‍പെട്ടവരാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഒമാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് പാകിസ്താന്‍ പൗരന്മാരും ഒരു പോലിസുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ 28 പേര്‍ക്കാണ് പരിക്കേറ്റത്. ഗുലാം അബ്ബാസ്, ഹസന്‍ അബ്ബാസ്, സയ്യിദ് ഖൈസര്‍ അബ്ബാസ്, സുലൈമാന്‍ നവാസ് എന്നീ പാകിസ്താനികളാണ് മരിച്ചതെന്ന് ഒമാനിലെ പാകിസ്താന്‍ എംബസി അറിയിച്ചു.

    സുന്നി ആധിപത്യമുള്ള ഒമാനിലെ ഷിയാ പള്ളിയായ ഇമാം അലി മസ്ജിദിലാണ് വെടിവയ്പുണ്ടായത്. ഷിയാ മുസ്‌ലിംകള്‍ ആഷുറദിനം ആചരിക്കുന്നതിനിടെയാണ് ആക്രമണം. അതിനിടെ, വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ മസ്‌കത്തിലെ യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കി. 'യുഎസ് പൗരന്മാര്‍ ജാഗ്രത പാലിക്കുകയും പ്രാദേശിക വാര്‍ത്തകള്‍ നിരീക്ഷിക്കുകയും പ്രാദേശിക അധികാരികളുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും വേണമെന്ന് എംബസി എക്‌സില്‍ കുറിച്ചു. മസ്ജിദ് പരിസരത്ത് പ്രാര്‍ഥനക്കായി തടിച്ച് കൂടിയവര്‍ക്കെതിരേ അക്രമി സംഘങ്ങള്‍ വെടിയുതിര്‍ക്കുവായിരുന്നുവെന്നാണ് റിപോര്‍ട്ട്. ഈ സമയം നൂറിലേറെപേര്‍ പള്ളിയിലുണ്ടായിരുന്നു. പരിക്കേറ്റവര്‍ മസ്‌കത്തിലെയും പരിസര പ്രദേശങ്ങളിലെയും ആശുപത്രികളില്‍ ചികില്‍സയിലാണ്. തലസ്ഥാന നഗരിയില്‍നിന്ന് നാല് കിലോമീറ്ററോളം ദൂരമുള്ള വാദി കബീറില്‍ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. എന്നാല്‍, മലയാളികള്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാറുള്ള മസ്ജിദിലല്ല വെടിവയ്പുണ്ടായത്.

Nine killed in Oman mosque attack, one Indian

Tags:    

Similar News