ബിജെപി-നിതീഷ് സര്‍ക്കാര്‍ കൊവിഡിനേക്കാള്‍ അപകടകാരിയെന്ന് ലാലു പ്രസാദ് യാദവ്
പട്‌ന: കൊവിഡിനേക്കാള്‍ അപകടകരമായ പകര്‍ച്ചവ്യാധിയാണ് ബിഹാറിലെ നിതീഷ്-ബിജെപി സര്‍ക്കാരെന്ന് മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. വെള്ളിയാഴ്ച ജാമ്യത്തിലിറങ്ങിയ ശേഷം കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്തതില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡി(യു)-ബിജെപി ഭരണകൂടത്തിന്റെ വീഴ്ചയ്‌ക്കെതിരേ അദ്ദേഹം ട്വീറ്റ് ചെയ്തു. ബിഹാറില്‍ ആളുകള്‍ ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍, ജീവന്‍ രക്ഷാ മരുന്നുകള്‍, കുത്തിവയ്പ്പുകള്‍ എന്നിവയ്ക്കു മാത്രമല്ല, സാധാരണ പനി മരുന്നുകള്‍ക്കു പോലും ബുദ്ധിമുട്ടുന്നു. നിര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രി ഇതിന് ഉത്തരം നല്‍കുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ലജ്ജയുണ്ടോ അതോ മരുന്നുകള്‍ വിറ്റോ എന്നും ലാലു ചോദിച്ചു. കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പട്‌ന ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം നടത്തിയതായും ലാലു അഭിപ്രായപ്പെട്ടു.
കാലിത്തീറ്റ അഴിമതിക്കേസില്‍ ഈയിടെ ജാമ്യത്തിലിറങ്ങിയ ലാലു പ്രസാദ് യാദവ് എയിംസ് ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ ഡല്‍ഹിയിലെ വസതിയിലാണ് താമസിക്കുന്നത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന കൊറോണ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മെയ് 9 ന് ആര്‍ജെഡി നിയമസഭാംഗങ്ങള്‍, എംപിമാര്‍, പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ എന്നിവരുമായി വെര്‍ച്വല്‍ യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. ഓരോ നിയമസഭാംഗങ്ങളും അവരുടെ നിയോജകമണ്ഡലങ്ങളില്‍ തുടരാനും കൊവിഡ് രോഗികളെ സഹായിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Nitish-BJP Govt More Dangerous than Covid, Said Lalu Prasad