കര്‍ഷക കൂട്ടക്കുരുതി: തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല; കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്നുവെന്ന ആരോപണം തള്ളി യോഗി ആദിത്യനാഥ്
ലഖ്‌നോ: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവുകളില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. സുപ്രിംകോടതിയുടെ പറയുന്നതുപ്രകാരം ആരെയും തെളിവുകളില്ലാതെ അറസ്റ്റുചെയ്യാന്‍ കഴിയില്ല. അന്വേഷണം തുടരുകയാണ്. രേഖാമൂലമുള്ള പരാതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആരെയും ഒഴിവാക്കിയിട്ടില്ല. ആര്‍ക്കും നീതി ലഭിക്കാതിരിക്കുകയുമില്ല. എന്നാല്‍, സമ്മര്‍ദങ്ങളുടെ പേരില്‍ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കില്ല.
ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, നിയമം എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പുനല്‍കുന്നു. ആരായാലും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സ്വകാര്യ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം യോഗി തള്ളി. ആക്രമണത്തിന്റേതായി വ്യക്തമാക്കുന്ന യാതൊരു വിഡിയോകളും ഇല്ലെന്ന് യോഗി പറഞ്ഞു. അക്രമമവുമായി ബന്ധപ്പെട്ട് അത്തരത്തിലൊരു വീഡിയോ ഇല്ല.
ഞങ്ങള്‍ നമ്പറുകള്‍ പുറത്തിറക്കിയിരുന്നു. ആരുടെയെങ്കിലും കൈവശം തെളിവുണ്ടെങ്കില്‍ അവ അപ്‌ലോഡ് ചെയ്യാം. എല്ലാം വളരെ വ്യക്തമാണ്. ആര്‍ക്കെതിരേയും അനീതിയുണ്ടാവില്ല. ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല. എന്നാല്‍, സമ്മര്‍ദത്തിന് വഴങ്ങി ആര്‍ക്കെതിരെയും നടപടി സ്വീകരിക്കില്ല. പക്ഷേ ആരെങ്കിലും കുറ്റവാളിയാണെങ്കില്‍ അവര്‍ ആരാണെന്ന് പരിഗണിക്കാതെ നടപടി സ്വീകരിക്കുമെന്നും യോഗി വ്യക്തമാക്കി. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളെയും അദ്ദേഹം വിമര്‍ശിച്ചു. അവര്‍ ആരായാലും സദുദ്ദേശത്തോടെയുള്ള സന്ദേശവാഹകരല്ല എന്നായിരുന്നു കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെയുള്ള യോഗിയുടെ വിമര്‍ശനം.
സമാധാനും ഐക്യവും നിലനിര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണന. നിരവധി മുഖങ്ങള്‍ ഖേരിയിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നു. അവര്‍ തന്നെയാണ് സംഭവത്തിന് പിന്നിലും. എന്നിരുന്നാലും എല്ലാ കാര്യങ്ങളും അന്വേഷണത്തിന് ശേഷം വ്യക്തമാവുമെന്നും യോഗി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ യുപിയിലേക്ക് പോയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും യോഗി പരിഹസിച്ചു. ലഖിംപൂര്‍ ഖേരിയിലേക്ക് പോവുന്നത് പോലിസ് തടഞ്ഞതിനെത്തുടര്‍ന്ന് സീതാപൂരില്‍ ഗസ്റ്റ്ഹൗസില്‍ കഴിയവെ മുറി തൂത്തുവാരുന്ന വീഡിയോ പരാമര്‍ശിച്ചാണ് യോഗി പരിഹസിച്ചത്. 'സംസ്ഥാനത്തെ ജനങ്ങള്‍ അവരെ ഇതിലേക്ക് ചുരുക്കി എന്നായിരുന്നു പരിഹാസം.
കര്‍ഷകരുടെ പ്രതിഷേധത്തിനെതിരായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെയും പ്രസംഗങ്ങളെയും യോഗി ന്യായീകരിച്ചു. രാഷ്ട്രീയ പ്രസംഗവും ഭീഷണിയും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു യോഗിയുടെ വാദം. രാഷ്ട്രീയ പ്രസംഗങ്ങളില്‍ അത്തരം പ്രസ്താവനകള്‍ക്ക് അര്‍ഥമില്ല. കാരണം അവ വ്യവസ്ഥകള്‍ക്കനുസൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. നാലുകര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തുവരികയും സുപ്രിംകോടതി യുപി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടും ആശിഷ് മിശ്രയെ പോലിസ് ഇതുവരെ ചോദ്യംചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.