ഇംറാന്‍ ഖാനെതിരേ പാക് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; മാര്‍ച്ച് 31ന് ചര്‍ച്ച

152 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം ഷെഹ്ബാസ് ഷെരീഫ് ആണ് അവതരിപ്പിച്ചത്. പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു. ഈ മാസം 31നാണ് വീണ്ടും ചേരുക.

Update: 2022-03-28 13:08 GMT

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 152 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം ഷെഹ്ബാസ് ഷെരീഫ് ആണ് അവതരിപ്പിച്ചത്. പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു. ഈ മാസം 31നാണ് വീണ്ടും ചേരുക. രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തു എന്നതാണ് ഇംറാന്‍ ഖാനെതിരായ പ്രധാന ആരോപണം.

342 അംഗ ദേശീയ അസംബ്ലിയില്‍ 179 പേരുടെ പിന്തുണയാണ് ഇംറാന്‍ ഖാനുണ്ടായിരുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ തെഹ്രികെ ഇന്‍സാഫിലെ വിമത എംപിമാരും ഒപ്പം നിന്ന മൂന്ന് ചെറുകക്ഷികളും അവിശ്വാസത്തെ അനുകൂലിച്ചതോടെ കാര്യങ്ങള്‍ ഇംറാനെതിരായി. പാക് സൈന്യവും ഇമ്രാനെ കൈവിട്ട അവസ്ഥയിലാണ്.

വെള്ളിയാഴ്ച ചേര്‍ന്ന ദേശീയ അസംബ്ലി ഇംറാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം പരിഗണനക്കെടുത്തിരുന്നില്ല.അന്തരിച്ച മുന്‍ അംഗം ഖയാല്‍ സമാന് ദേശീയ അസംബ്ലി ചേര്‍ന്നയുടന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി സഭനിര്‍ത്തിവെക്കുകയായിരുന്നു.

342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 പേരുടെ പിന്തുണയുണ്ടെങ്കില്‍ അവിശ്വാസപ്രമേയം പാസാകും. പിടിഐക്ക് 155 അംഗങ്ങളാണുള്ളത്.

മാര്‍ച്ച് എട്ടിനാണ് പ്രതിപക്ഷം ഇംറാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ പിന്തുണക്കുമെന്ന് ഭരണകക്ഷിയിലെ 14 അംഗങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ ഭാവി തുലാസിലായത്. പാകിസ്താനില്‍ ഒരു പ്രധാനമന്ത്രിയും അഞ്ചുവര്‍ഷം തികച്ച് ഭരിച്ചിട്ടില്ല.

അതേസമയം, എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും രാജിവെക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇംറാന്‍ അറിയിച്ചിരുന്നു. ശക്തിപ്രകടനത്തിന്റെ ഭാഗമായി അദ്ദേഹം കഴിഞ്ഞ ദിവസം തലസ്ഥാനത്ത് വന്‍ റാലി നടത്തുകയും ചെയ്തിരുന്നു.


Tags:    

Similar News