'സംസാരിക്കാനുള്ളത് കശ്മീരികളോട് മാത്രം'; പാകിസ്താനുമായി ചര്‍ച്ചയ്ക്കില്ലെന്ന് അമിത് ഷാ

കശ്മീര്‍, ജമ്മു, പുതുതായി സൃഷ്ടിച്ച ലഡാക്ക് എന്നിവയെ വികസനത്തിന്റെ പാതയില്‍ എത്തിക്കുക എന്നതാണ് 'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒരേയൊരു ഉദ്ദേശ്യമെന്നും അമിത് ഷാ പറഞ്ഞു. 2024ഓടെ ഞങ്ങളുടെ പരിശ്രമത്തിന്റെ ഫലം നിങ്ങള്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2021-10-25 15:19 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിനെ രാജ്യത്തെ ഏറ്റവും വികസിതമാക്കുന്നതിന് യുവാക്കളോട് സംസാരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ. പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയുടെ നിര്‍ദേശം തള്ളിക്കൊണ്ടാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പാകിസ്താനുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നും സംസാരിക്കാനുള്ളത് കശ്മീര്‍ ജനതയോട് മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി. ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുല്ല ആവശ്യപ്പെട്ടിരുന്നു.

'സര്‍ക്കാര്‍ പാക്കിസ്താനുമായി സംസാരിക്കണമെന്ന് ഫാറൂഖ് അബ്ദുല്ല നിര്‍ദ്ദേശിച്ചതായി താന്‍ പത്രങ്ങളില്‍ വായിച്ചു. അദ്ദേഹത്തിന് അഭിപ്രായത്തിന് അവകാശമുണ്ട്, പക്ഷേ തങ്ങള്‍ കശ്മീരി യുവാക്കളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു'- ഷാ പറഞ്ഞു. കശ്മീര്‍, ജമ്മു, പുതുതായി സൃഷ്ടിച്ച ലഡാക്ക് (കേന്ദ്രഭരണ പ്രദേശം) എന്നിവയെ വികസനത്തിന്റെ പാതയില്‍ എത്തിക്കുക എന്നതാണ് 'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒരേയൊരു ഉദ്ദേശ്യമെന്നും അമിത് ഷാ പറഞ്ഞു. 2024ഓടെ ഞങ്ങളുടെ പരിശ്രമത്തിന്റെ ഫലം നിങ്ങള്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തര മന്ത്രി നിരവധി വികസന പദ്ധതികള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയും ചിലതിന് തറക്കല്ലിടുകയും ചെയ്തു.

ജമ്മുകശ്മീരില്‍ സന്ദര്‍ശനം തുടരുന്ന അമിത് ഷാ ഇന്ന് രാത്രി സായുധാക്രമണം നടന്ന പുല്‍വാമയിലെ ലേത്പുര സന്ദര്‍ശിക്കും. ജവാന്മാര്‍ക്കൊപ്പം അത്താഴം കഴിച്ച് ഇന്ന് അവിടെ തങ്ങാനാണ് തീരുമാനം. ഇതോടെ അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം അവസാനിക്കും.

Tags:    

Similar News