തെളിവുകളൊന്നുമില്ല; 'ഭീകര' ബന്ധം ആരോപിച്ച് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ രണ്ട് പേരെ വിട്ടയച്ചു

'ഇംതിയാസ്, മുഹമ്മദ് ജലീല്‍ എന്നിവരില്‍ നിന്ന് തങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചില്ല. അതിനാല്‍, തങ്ങള്‍ അവരെ ഇന്ന് വിട്ടയച്ചു' -പോലിസ് പറഞ്ഞു

Update: 2021-09-16 12:40 GMT
ന്യൂഡല്‍ഹി: ഭീകരശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ല് അറസ്റ്റ് ചെയ്തതിനു പിന്നാലെ രണ്ടു പേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ അവര്‍ക്കെതിരേ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പോലിസ് പറഞ്ഞു. 'ഇംതിയാസ്, മുഹമ്മദ് ജലീല്‍ എന്നിവരില്‍ നിന്ന് തങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചില്ല. അതിനാല്‍, തങ്ങള്‍ അവരെ ഇന്ന് വിട്ടയച്ചു' -പോലിസ് കൂട്ടിച്ചേര്‍ത്തു.

ഇവരെ ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന (യുപി എടിഎസ്) പിടികൂടിയത്. ഇവരില്‍നിന്നു വന്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയതായും പോലിസ് അവകാശപ്പെട്ടിരുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വന്‍സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട ആറു പേരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‌തെന്നായിരുന്നു ചൊവ്വാഴ്ച ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചത്. പാകിസ്താനില്‍വച്ചാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്നും വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ (സ്‌പെഷ്യല്‍ സെല്‍) നീരജ് ഠാക്കൂര്‍ അവകാശപ്പെട്ടിരുന്നു.

സ്‌പെഷ്യല്‍ സെല്‍ സംഘങ്ങള്‍ ചൊവ്വാഴ്ച വിവിധ നഗരങ്ങളില്‍ റെയ്ഡ് നടത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്. ജാന്‍ മുഹമ്മദ് ഷെയ്ഖ് (47), ഉസാമ എന്ന സാമി (22), മൂല്‍ചന്ദ് ശ്രീവാസ്തവ എന്ന സാജു (47), സീഷാന്‍ ഖമര്‍ (28), മുഹമ്മദ് അബുബക്കര്‍ (23), മുഹമ്മദ് അമീര്‍ ജാവേദ് (31) എന്നിവരെയാണ് സംഘം അറസ്റ്റ് ചെയ്തിരുന്നത്.

ഈ അറസ്റ്റുകള്‍ക്ക് ഒരു ദിവസത്തിന് ശേഷം യുപി എടിഎസ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു മുഹമ്മദ് ജമീല്‍, മുഹമ്മദ് ഇംതിയാസ്, മുഹമ്മദ് താഹിര്‍. ഇതില്‍പെട്ട ജമീലിനേയും ഇംതിയാസിനേയുമാണ് ഇപ്പോള്‍ വിട്ടയച്ചത്.

Tags:    

Similar News