ഒരു നേതാവും ക്വട്ടേഷന്‍കാരെ സഹായിക്കുന്നവരല്ല; മനുതോമസിനെ തള്ളി സിപിഎം

Update: 2024-06-25 13:31 GMT

കണ്ണൂര്‍: സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടി അല്ലെന്നും ശക്തമായി സ്വര്‍ണ കള്ളക്കടത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും എതിരാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ക്വട്ടേഷന്‍ സംഘങ്ങളുമായി ഇപ്പോഴും പാര്‍ട്ടിയിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന ഡിവൈഎഫ് ഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് മനു തോമസിന്റെ ആരോപണം തള്ളിയാണ് ജയരാജന്‍ രംഗത്തെത്തിയത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മനു തോമസ്, പാര്‍ട്ടി അംഗത്വം പുതുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരാമര്‍ശത്തിനാണ് സിപിഎം ജില്ലാ സെക്രട്ടറി മറുപടിയുമായെത്തിയത്. മാഫിയ സംഘങ്ങള്‍ക്കും സാമൂഹിക തിന്‍മകള്‍ക്കുമെതിരേ സിപിഎമ്മിന്റെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ നിരവധി തവണ കാംപയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. പോലിസ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതിന്റെയൊക്കെ ഫലമായി ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കുറഞ്ഞുവരികയാണ്. 2021 ജനുവരി 28, ജൂണ്‍ 24, 2023 ഫെബ്രുവരി 15 എന്നീ തീയ്യതികളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. ക്വട്ടേഷന്‍ പ്രവര്‍ത്തനവും സ്വര്‍ണകള്ളക്കടത്തും കള്ളപ്പണ ഇടപാടും നാടിനും സമൂഹത്തിനും വലിയ ദ്രോഹമാണ് ഉണ്ടാക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കിയത് ബിജെപിയാണെന്ന് കൊടകരയില്‍ തെളിഞ്ഞതാണ്. 2024ലെ തിരഞ്ഞെടുപ്പിലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ 1054 കോടി രൂപ പണമായും 1000 കോടി രൂപയുടെ സാധനങ്ങളായും അനധികൃതമായി കടത്തുമ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ അധികൃതരും പോലിസും പിടികൂടുകയുണ്ടായി. 2019നേക്കാള്‍ നാലിരട്ടി കൂടുതലാണിത്. സിപിഎമ്മിനെ പറ്റി ഇത്തരം ഒരു ആക്ഷേപം ഒരിക്കലും ഉയര്‍ന്നു വന്നിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണം. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും സിപിഎമ്മില്‍ യാതൊരു സ്ഥാനവും ഉണ്ടാവില്ല. പാര്‍ട്ടിയിലെ ഒരു നേതാവും ക്വട്ടേഷന്‍കാരെ സഹായിക്കുന്നവരല്ല. ചില ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സൈബര്‍ പോരാളികളെ പോലെ നവ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ചില വിവാഹങ്ങളും മറ്റും നടത്തിക്കൊടുക്കുന്നു. അതിലൂടെ സുഹൃദ്വലയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതൊക്കെ തങ്ങള്‍ നടത്തുന്ന ക്രൂരതകളെ മറച്ചുവയ്ക്കാനും സമൂഹത്തില്‍ മാന്യത നേടാനും ഉള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത് തിരിച്ചറിയുന്ന പാര്‍ട്ടിയാണ് സിപിഎം. നവമാധ്യമ മേഖലയില്‍ സിപിഎമ്മിന്റെ പ്രചാരണങ്ങള്‍ നടത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല. അവരുടെ സഹായവും വേണ്ട. ഇതെല്ലാം മുമ്പ് ജില്ലാ സെക്രട്ടറി നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞതാണ്. ഇത്തരമൊരു ഉറച്ച നിലപാട് കോണ്‍ഗ്രസോ, ബിജെപിയോ മറ്റ് പാര്‍ട്ടികളോ സ്വീകരിച്ചിട്ടുണ്ടോ? പിന്നെ എന്നിനാണ് ചില മാധ്യമങ്ങള്‍ ക്വട്ടേഷനുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ പഴിചാരുന്നത്. മനുതോമസിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ല. കഴിഞ്ഞ 15 മാസമായി പാര്‍ട്ടി യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും മനു തോമസ് പങ്കെടുക്കാറില്ല. 2024ല്‍ പാര്‍ട്ടി മെംബര്‍ഷിപ്പ് പുതുക്കിയിട്ടുമില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടി ഭരണഘടനപ്രകാരമാണ് നടപടിയെടുത്തത്. തുടര്‍ച്ചയായി പാര്‍ട്ടി പ്രവര്‍ത്തനത്തിലോ യോഗത്തിലോ പങ്കെടുക്കാതിരിക്കുകയോ വരിസംഖ്യ മുതലായവ കൊടുക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളെയും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് തള്ളിക്കളയും. മനു തോമസ് അത് ചെയ്തിട്ടില്ലെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. ഭരണഘടനാ വ്യവസ്ഥ പ്രകാരം മെംബര്‍ഷിപ്പ് പുതുക്കാതെ മനുതോമസ് ഒഴിവായതാണ്. വസ്തുത ഇതായിരിക്കെ മറ്റുള്ള എല്ലാ പ്രചാരണങ്ങളും അടിസ്ഥാന രഹിതമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.





Tags:    

Similar News