വ്യവസ്ഥയില്‍ വിശ്വാസം വേണം, വിഷയം കോടതി പരിഗണിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച പാടില്ല; പെഗസസ് ഹരജിക്കാരോട് സുപ്രിംകോടതി
പെഗസസ് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹരജികളില്‍ മറുപടി തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഹരജി നല്‍കിയവര്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിനെ വിമര്‍ശിച്ച് സുപ്രിംകോടതി. 'വ്യവസ്ഥയില്‍ വിശ്വാസമുണ്ടായിരിക്കണം. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ഇവിടെയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സമാന്തര ചര്‍ച്ചകളില്‍ പങ്കെടുക്കരുത്' ഹരജിക്കാരോടും അഭിഭാഷകരോടും സുപ്രിംകോടതി നിര്‍ദേശിച്ചു. പെഗസസ് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹരജികളില്‍ മറുപടി തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്തവര്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണ്. കോടതിയില്‍ ഒരു സംവാദമാണ് നടക്കുന്നതെന്ന ബോധ്യം വേണം. ചില ചോദ്യങ്ങള്‍ കോടതി ചോദിക്കും. ചിലത് നിങ്ങള്‍ക്ക് സൗകര്യപ്രദമായിരിക്കും. ചിലത് ബുദ്ധിമുട്ടുള്ളതായിരിക്കും. ചിലത് സര്‍ക്കാരിന് ബുദ്ധിമുള്ളതാവും. പക്ഷേ ഉത്തരങ്ങള്‍ ലഭിക്കാനാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതിന് ഉത്തരമുണ്ടാവണം.
പെഗസസ് ഹര്‍ജിയുമായി കോടതിയിലെത്തുന്നവര്‍ മാധ്യമ അഭിമുഖങ്ങളിലും, സമൂഹമാധ്യമങ്ങളിലും അഭിപ്രായം പറയുന്നത് ശ്രദ്ധയില്‍പെട്ടു. പക്ഷെ കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമുണ്ടാവണം. നിങ്ങളുടെ അഭിഭാഷകരിലൂടെ വിഷയം കോടതിയെ അറിയിക്കൂ- ചീഫ് ജസ്റ്റിസ് പറഞ്ഞു. ചില മര്യാദകള്‍ പാലിക്കണമെന്ന് കപില്‍ സിബലിനോട് കോടതി പറഞ്ഞു. പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാവും. അത് കോടതിക്കുള്ളിലാണ് ഉന്നയിക്കേണ്ടത്. എന്തെങ്കിലും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെങ്കില്‍ അവര്‍ക്ക് ഒരു അധിക സത്യവാങ്മൂലം സമര്‍പ്പിക്കാം.
ഗുണകരമായ ചര്‍ച്ചയാണ് ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നത്. ജൂഡീഷ്യല്‍ സംവിധാനത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കണം. സംവാദങ്ങള്‍ പരിധി കടക്കരുത്- കോടതി ഓര്‍മപ്പെടുത്തി. കഴിഞ്ഞയാഴ്ച നടന്ന ഹിയറിങ്ങില്‍ ഹരജിക്കാരിലൊരാളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് 'സമാന്തര ചര്‍ച്ചകള്‍' സംബന്ധിച്ച കോടതിയുടെ പരാമര്‍ശം. കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന് ഹരജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.