രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം: നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്

മരിക്കുമ്പോള്‍ രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നെന്ന മോദിയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയത്. ഇതു കൂടാതെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന രണ്ട് പരാതികളില്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി.

Update: 2019-05-07 18:44 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. മരിക്കുമ്പോള്‍ രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നെന്ന മോദിയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയത്. ഇതു കൂടാതെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന രണ്ട് പരാതികളില്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. ഇതോടെ ഒമ്പതു കേസുകളില്‍ മോദിക്കു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ യാതൊരു ലംഘനവും പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കണ്ടെത്താനാവാത്തതിനാല്‍ കേസ് തള്ളുകയാണെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കിയതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം. നിങ്ങളുടെ അച്ഛനെ കൂടെയുള്ളവര്‍ മിസ്റ്റര്‍ ക്ലീന്‍ എന്നാണു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണു മരിച്ചത് -കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു മറുപടിയായി മോദി പറഞ്ഞു.

മോദിയുടെ പരാമര്‍ശത്തിനു പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മോശം ഭാഷയിലുള്ള മോദിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് അഭിഷേക് സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ ബോധിപ്പിച്ചിരുന്നു. ചൊവ്വാഴ്ച മറ്റു രണ്ടു പരാതികളിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രധാനമന്ത്രിക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ അഹമ്മദാബാദില്‍ വോട്ടു ചെയ്തശേഷം റോഡ് ഷോ നടത്തിയെന്ന കോണ്‍ഗ്രസ് പരാതിയാണ് ആദ്യം തള്ളിയത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സൈനികര്‍ക്കുവേണ്ടി വോട്ട് സമര്‍പ്പിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞതായും തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നില്‍ പരാതിയെത്തി. ഇതിലും പ്രധാമന്ത്രിക്കെതിരെ നടപടിയുണ്ടായില്ല. രണ്ട് സംഭവങ്ങളിലും ചട്ടലംഘനം കണ്ടെത്താനായില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അതേസമയം ചിത്രദുര്‍ഗയിലെ പ്രസംഗത്തിലടക്കം അഞ്ച് പരാതികളില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായ അശോക് ലാവസ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News