തുപ്പിയില്ല, ഭക്ഷണത്തില്‍ ഊതിയതാണ്; ഫാക്ട് ചെക്കുമായി ആള്‍ട് ന്യൂസ്
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്ത് തുപ്പുന്നുവെന്ന പ്രചാരണം നടത്തിയിരുന്നു
ന്യൂഡല്‍ഹി: മതചടങ്ങിന്റെ ഭാഗമായി ഉണ്ടാക്കിയ ഭക്ഷണത്തില്‍ പുരോഹിതന്‍ തുപ്പിന്നതായി ആരോപിക്കപ്പെട്ട വീഡിയോയിലെ നിജസ്ഥിതി അറിയാന്‍ ആള്‍ട് ന്യൂസ് ഫാക്ട് ചെക്ക് നടത്തി. ഭക്ഷണത്തില്‍ പ്രത്യേക മന്ത്രങ്ങള്‍ ചൊല്ലി ഊതുകയായിരുന്നു എന്നും തുപ്പുകയല്ലെന്നും ആള്‍ട് ന്യൂസ് വാര്‍ത്ത പുറത്തുവിട്ടു. ഇത് മതപരമായ ചടങ്ങിന്റെ ഭാഗമാണെന്നും ചടങ്ങുമായി ബന്ധപ്പെട്ട മത നേതാക്കളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്ത് തുപ്പുന്നുവെന്ന പ്രചാരണം നടത്തിയിരുന്നു. ചിലവിഭാഗം മുസ്‌ലിംകള്‍ നടത്തുന്ന ഒരു ഉറൂസ് (നേര്‍ച്ച)ചടങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയാണ് വിവാദമായത്. ഉണ്ടാക്കിവെച്ച വലിയ പാത്രത്തില്‍ നിന്നും പുരോഹിതന്‍ തവിയില്‍ കോരിയെടുത്ത് ഭക്ഷണം മറ്റൊരു പാത്രത്തിലേക്ക് ഇട്ട് ഊതുന്നതാണ് ദൃശ്യമെന്നും തുപ്പുകയായിരുന്നില്ല എന്നുമാണ് ആള്‍ട് ന്യൂസ് പറയുന്നത്. വീഡിയോ ഗ്രാഫര്‍മാര്‍ അടക്കമുള്ളവരുടെ മുന്നില്‍ നടന്ന സംഭവത്തിന്റെ വീഡിയോ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ബിജെപിയുടെ ദേശീയ നേതാക്കളായ പ്രീതിഗാന്ധിയും ഗൗരവ് ഗോയലും അടക്കമുള്ളവര്‍ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു.
ഫാക്ട് ചെക്ക് നടത്തിയ ആള്‍ട്ട് ന്യൂസ് ഉള്ളാള്‍ ഖാദി ഫസല്‍ കോയ തങ്ങളുടെ സഹായി ഹാജി ഹനീഫ് ഉല്ലാലയുമായി സംസാരിച്ചു. വീഡിയോ ദൃശ്യത്തില്‍ കാണുന്നത് ഖാദി ഊതുന്നതിന്റെ ദൃശ്യമാണെന്നാണ് ഇദ്ദേഹം പറയുന്നത്. കേരളത്തിലെ സുന്നി വിഭാഗത്തിലെ പണ്ഡിതനായ ഉള്ളാള്‍ തങ്ങള്‍ എന്നറിയപ്പെടുന്ന 2014 ഫെബ്രുവരിയില്‍ മരണപ്പെട്ട അബ്ദുള്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ പേരിലുള്ള താജുല്‍ ഉലാമ ദര്‍ഗയില്‍ നവംബര്‍ 6 മുതല്‍ 8 വരെ നടന്ന ഉറൂസിന്റെ ഭാഗമായ ചടങ്ങായിരുന്നു ഇത്. ചടങ്ങില്‍ ഭക്ഷണത്തില്‍ ഊതിയ ഫസല്‍ കോയമ്മ തങ്ങളുടെ പിതാവാണ് ഉള്ളാള്‍ തങ്ങള്‍. അറബിക് കലണ്ടര്‍ പ്രകാരം നവംബറിലാണ് ചരമവാര്‍ഷികം വരുന്നത്.
ഉച്ചയ്ക്കും വൈകിട്ടുമായി നടക്കുന്ന ഭക്ഷണം നല്‍കുന്ന ചടങ്ങിന് മുമ്പ് തയ്യാറാക്കിയ ഭക്ഷണത്തില്‍ ഖുര്‍ആന്‍ വചനം ചൊല്ലിയ ശേഷം ഊതാറ് ഈ വിഭാത്തിനിടയില്‍ പതിവുള്ളതാണെന്ന് ഹാജി ഹനീഫ് ഉല്ലല പറയുന്നു. ഇത് തന്നെ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയുടെ നിസാമിയായ പീര്‍സാദാ അല്‍ത്തമാഷും പറഞ്ഞു. മുസ്‌ലിം സമുദായത്തിലെ ചില വിഭാഗങ്ങള്‍ ഈ ആചാരം പിന്തുടരുന്നുണ്ട്. ആള്‍ട് ന്യൂസ് വെളിപ്പെടുത്തി.