ഇന്നു പണിമുടക്കില്ല;സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്
കോട്ടയം: സംസ്ഥാനത്ത് ഇന്നു നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമ സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ബസ് ഉടമകളുടെ ആവശ്യങ്ങളില്‍ നവംബര്‍ 18 ന് മുമ്പ് തീരുമാനത്തില്‍ എത്തുമെന്നും ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍. കൊവിഡ് പശ്ചാത്തലത്തില്‍ 60 ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതില്‍ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാല്‍ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകള്‍ പറഞ്ഞു. ആവശ്യമായ കാര്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.