നോയിഡയില്‍ യുവതിക്ക് നേരേയുണ്ടായ കൈയ്യേറ്റ ശ്രമം;ബിജെപി നേതാവിന്റെ അനധികൃതമായി നിര്‍മ്മിച്ച വീട് പൊളിച്ചു നീക്കി,ഗുണ്ടാ നിയമ പ്രകാരം കേസ്
യുവതിയെ അപമാനിച്ച സംഭവം വിവാദമായതോടെ ത്യാഗി പാര്‍ട്ടി അംഗമല്ലെന്ന നിലപാടാണ് ബിജെപിയെടുത്തിരിക്കുന്നത്
ന്യൂഡല്‍ഹി: നോയിഡയിലെ ഹൗസിങ് സൊസൈറ്റിയില്‍ വച്ച് യുവതിയെ കൈയ്യേറ്റം ചെയ്ത ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിയുടെ അനധികൃതമായി നിര്‍മ്മിച്ച വീട് പൊളിച്ചുനീക്കി പോലിസ്.ത്യാഗിക്കെതിരേ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. നോയിഡയിലെ സെക്ടര്‍ 93ലെ ഗ്രാന്‍ഡ് ഒമാക്‌സിന് സമീപത്തുള്ള വീടാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പോലിസ് ഇടിച്ച് തകര്‍ത്തത്.
ഗുണ്ടാ നിയമം പ്രകാരം കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ ത്യാഗിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അനധികൃതമായി നിര്‍മ്മിച്ച വീട് പൊളിച്ചു നീക്കാനും സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.ത്യാഗിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ രണ്‍വിജയ് സിങ് പറഞ്ഞു.യുവതിയെ അപമാനിച്ച ശേഷം ഒളിവില്‍ പോയ ത്യാഗിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇയാള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താനായി കഴിഞ്ഞ ദിവസം ഭാര്യയടക്കം നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.ത്യാഗിയുടെ ഭാര്യയെ കൂടാതെ സഹോദരന്‍, ഡ്രൈവര്‍, മാനേജര്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പിടികൂടാന്‍ പോലിസ് നാല് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നോയിഡയിലെ സെക്ടര്‍ 93 ബിയിലെ ഗ്രാന്‍ഡ് ഒമാക്‌സിലെ പാര്‍ക്ക് ഏരിയയില്‍ മരങ്ങളും ചെടികളും നടുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്. ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിയാണ് അയല്‍വാസിയായ യുവതിയെ തള്ളിയിടുകയും അസഭ്യം പറയുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ട്വിറ്ററില്‍ നല്‍കിയ വിവരം അനുസരിച്ച് ബിജെപി കിസാന്‍ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും യുവ കിസാന്‍ സമിതിയുടെ ദേശീയ കോഓഡിനേറ്ററുമാണ് ശ്രീകാന്ത് ത്യാഗി.
യുവതിയെ അപമാനിച്ച സംഭവം വിവാദമായതോടെ ത്യാഗിയെ പാര്‍ട്ടി കൈവിട്ടിരിക്കുകയാണ്.ത്യാഗി പാര്‍ട്ടി അംഗമല്ലെന്ന നിലപാടാണ് ബിജെപിയെടുത്തിരിക്കുന്നത്.