ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു; 'ബിജെപി വനിതാ നേതാവ്' ഉള്‍പ്പെടെയുള്ള സംഘം പിടിയില്‍
ഉത്തര്‍പ്രദേശ് നോയിഡ കേപ്പ്ടൗണില്‍ താമസിക്കുന്ന ശാസ്ത്രജ്ഞനാണ് തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണത്. മസാജ് പാര്‍ലര്‍ തേടിയുളള ഓണ്‍ലൈന്‍ അന്വേഷണത്തിനിടെയാണ് തട്ടിപ്പ് സംഘവുമായി അവിചാരിതമായി ബന്ധപ്പെട്ടത്.
ലക്‌നൗ: രാജ്യത്തെ പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ബിജെപി നേതാവായ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍.
ഓണ്‍ലൈനിലൂടെയുള്ള മസാജ് പാര്‍ലറിനുള്ള അന്വേഷണമാണ് 35കാരനായ ശാസ്ത്രജ്ഞന് വിനയായതെന്ന് പോലിസ് പറഞ്ഞു. ഉത്തര്‍പ്രദേശ് നോയിഡ കേപ്പ്ടൗണില്‍ താമസിക്കുന്ന ശാസ്ത്രജ്ഞനാണ് തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണത്. മസാജ് പാര്‍ലര്‍ തേടിയുളള ഓണ്‍ലൈന്‍ അന്വേഷണത്തിനിടെയാണ് തട്ടിപ്പ് സംഘവുമായി അവിചാരിതമായി ബന്ധപ്പെട്ടത്.
തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ സുനിത ഗുര്‍ജാര്‍ താന്‍ ബിജെപി നേതാവാണെന്നും ബിഗ് ബോസ് സീസണ്‍ പത്തിലെ വിജയിയുടെ ബന്ധുവാണെന്നും അവകാശപ്പെട്ടാണ് ശാസ്ത്രജ്ഞനുമായി ബന്ധം സ്ഥാപിച്ചത്.
സുനിതയുടെ നിര്‍ദേശ പ്രകാരം ശനിയാഴ്ച ഹോണ്ട സിറ്റി കാറില്‍ ലോജിക്‌സില്‍ എത്തിയ ശാസ്ത്രജ്ഞനെ കുനാല്‍ റെസിഡന്‍സിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു കാറില്‍ മറ്റൊരാള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് അഞ്ചംഗ സംഘം ബലമായി കാറില്‍ പിടിച്ചുവലിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.
തുടര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. വീട്ടിലേക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഭാര്യ പറയുന്നു. രാത്രി 11 മണിയോടെയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടു കൊണ്ടുളള വിളി ആദ്യമായി എത്തിയത്. പത്തുലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. പണം സ്വരൂപിക്കാന്‍ 14 മണിക്കൂര്‍ സമയമെടുത്തെങ്കിലും ഇത്രയും വലിയ തുക കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.
ശാസ്ത്രജ്ഞന്റെ മൊബൈല്‍ ഫോണിന്റെ നെറ്റ്‌വര്‍ക്ക് ലൊക്കേഷന്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് സുനിത ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായത്. സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഒളിവില്‍ പോയി. ഇവരെ കണ്ടെത്തുന്നതിനുളള അന്വേഷണം തുടരുകയാണ്. ഓയോ ഹോട്ടലിലാണ് ശാസ്ത്രജ്ഞനെ പൂട്ടിയിട്ടിയിരുന്നത്. പണവുമായി ഭാര്യയെ ഹോട്ടലിലേക്ക് പറഞ്ഞയച്ചാണ് തട്ടിപ്പ് സംഘത്തെ പോലിസ് കുടുക്കിയത്. ഹോട്ടലിന്റെ മാനേജരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ഉത്തര്‍പ്രദേശിലെ ബിജെപിയുടെ നോയിഡ യൂനിറ്റ് സുനിത ബിജെപി നേതാവാണെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ചു.മുന്‍ ബിജെപി പ്രവര്‍ത്തക മാത്രമാണ് സുനിത ഗുര്‍ജാര്‍ എന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. സുനിത ബന്ധുവല്ലെന്ന് ബിഗ് ബോസ് സീസണ്‍ പത്തിലെ വിജയിയുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങള്‍ക്കിടെ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങിയ മൂന്നു കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.മാസം 1.4 ലക്ഷം രൂപ വാടക നല്‍കിയാണ് സംഘം ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും നെറ്റ് വര്‍ക്ക് ഹോട്ടലുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഓയോ കമ്പനിയുടെ വക്താവ് അറിയിച്ചു.