'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല'; 150 ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ബാനര്‍ ഉയര്‍ത്തി ഹിന്ദു യുവവാഹിനി

നരസിംഹനാഥിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 150 ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കുന്നുതെന്ന് യുവ വാഹിനി നേതാക്കള്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ എല്ലാ ക്ഷേത്രങ്ങളിലും സമാനമായ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Update: 2021-03-22 05:27 GMT

ന്യൂഡല്‍ഹി: ഡെറാഡൂണിലെ 150 ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ട് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍. 150 ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ബാനറുകള്‍ സ്ഥാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വെള്ളം കുടിക്കാന്‍ കയറിയതിന്റെ പേരില്‍ മുസ് ലിം ബാലന്‍ ക്രൂര മര്‍ദനത്തിന് ഇരായായ സംഭവം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് യുവവാഹിനി രംഗത്തെത്തിയത്. മുസ് ലിം ബാലന്‍ ക്രൂര മര്‍ദനത്തിന് ഇരയായ ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തിന്റെ കവാടത്തില്‍ മുസ് ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. 'ഈ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിശുദ്ധമാണ്, മുസ് ലിംകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു' എന്ന കൂറ്റന്‍ ബോര്‍ഡാണ് ക്ഷേത്രത്തിന്റെ കവാടത്തില്‍ തൂക്കിയിട്ടുള്ളത്.

മുസ് ലിം ബാലനെ ക്രൂരമായി മര്‍ദിച്ച പ്രതിയെ അഭിനന്ദിച്ച് ഹിന്ദുത്വ നേതാവ് യതി നരസിംഹ നാഥ് സരസ്വതിയും രംഗത്തെത്തിയിരുന്നു. മുസ് ലിംകള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോര്‍ഡ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചിരുന്നതായി നരസിംഹ നാഥ് പറയുന്നു. മുസ് ലിംകള്‍ ഹിന്ദു സ്ത്രീകളെ പീഡിപ്പിക്കുന്നത് തടയാനും മോഷണം തടയാനുമാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും നരസിംഹനാഥ് പറഞ്ഞു.

നരസിംഹനാഥിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 150 ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കുന്നുതെന്ന് യുവ വാഹിനി നേതാക്കള്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ എല്ലാ ക്ഷേത്രങ്ങളിലും സമാനമായ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

നരസിംഹനാഥിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ നടപടിയെന്ന് ഹിന്ദു യുവവാഹിനി സംസ്ഥാന ജനറല്‍ സെക്രട്ടറി ജീതു രണ്ടദെവ പറഞ്ഞു. സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കുമെന്നും യുവവാഹിനി നേതാവ് പറഞ്ഞു.

Tags:    

Similar News