'തന്റെ സംസ്ഥാനത്ത് നടപ്പാക്കില്ല': പൗരത്വ നിയമം തള്ളി മൂന്നു മുഖ്യമന്ത്രിമാര്‍
രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കാനുള്ള ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് ഒരു വിധ പിന്തുണയും നല്‍കില്ലെന്ന് വ്യക്തമാക്കിയാണ് കേരളവും പഞ്ചാബും സമാന നിലപാട് കൈകൊണ്ടത്.
ന്യൂഡല്‍ഹി: പൗരത്വ (ഭേദഗതി) ബില്‍ നിയമമായാലും തന്റെ സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കു ശേഷം സമാന നിലപാട് ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലേയും പഞ്ചാബിലേയും മുഖ്യമന്ത്രിമാര്‍. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കാനുള്ള ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് ഒരു വിധ പിന്തുണയും നല്‍കില്ലെന്ന് വ്യക്തമാക്കിയാണ് കേരളവും പഞ്ചാബും സമാന നിലപാട് കൈകൊണ്ടത്.
ബില്ല് ഇന്ത്യയുടെ മതേതര, ജനാധിപത്യ സ്വഭാവത്തിന് നേരെയുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണഘടനാവിരുദ്ധമായ ഇത്തരം നിയമത്തിന് തങ്ങളുടെ സംസ്ഥാനത്ത് സ്ഥാനമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 'മതം, ജാതി, ഭാഷ, സംസ്‌കാരം ലിംഗഭേദം, തൊഴില്‍ എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാര്‍ക്കും പൗരത്വത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. പൗരത്വ (ഭേദഗതി) നിയമം ഈ അവകാശം അസാധുവാക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കാനുള്ള നീക്കം ഭരണഘടന നിരസിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത് എളുപ്പമാക്കാന്‍ ഉദ്ദേശിക്കുന്ന നിയമം വിവേചനപരമാണെന്നുംതുല്യതയ്ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് തടയുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.ഈ നിയമം ഭിന്നിപ്പിക്കുന്നതാണ്. രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഏത് നിയമനിര്‍മ്മാണവും നിയമവിരുദ്ധവും അനീതിപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വ (ഭേദഗതി) ബില്‍ ബുധനാഴ്ച പാര്‍ലമെന്റ് പാസാക്കുന്നതിനു മുമ്പുതന്നെ മമത ബാനര്‍ജി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ ബില്ലിനെ ഭയപ്പെടരുത്, തങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, തങ്ങള്‍ ഇവിടെയുള്ളിടത്തോളം ആര്‍ക്കും നിങ്ങളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമ്പോള്‍ പോലും ഖരഗ്പൂരില്‍ നടന്ന ഒരു സമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.