പോലിസിന് ആവശ്യമായ വാഹനം ലഭ്യമാക്കാത്തത് സംശയകരം: ചെന്നിത്തല

പോലിസിന് ആവശ്യമായ വാഹനങ്ങള്‍ നല്‍കാന്‍ പോലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

Update: 2019-04-22 12:21 GMT

തിരുവനന്തപുരം: വോട്ടെടുപ്പിനോട് അനുബന്ധിച്ച് അക്രമ സംഭവങ്ങളുണ്ടാവുകയാണെങ്കില്‍ അടിയന്തിരമായി ഇടപെടാനും തടയാനും മുന്‍വര്‍ഷങ്ങളിലേതു പോലെ പോലിസിന് ആവശ്യമായ വാഹനസൗകര്യം സര്‍ക്കാര്‍ ലഭ്യമാക്കാതിരിക്കുന്നത്സംശയാസ്പദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണ വോട്ടെടുപ്പിന് അക്രമസംഭവങ്ങളുണ്ടായാല്‍ ഓടിയെത്താനും തടയാനും പോലിസിന് ആവശ്യമായ വാഹനങ്ങള്‍ സര്‍ക്കാര്‍ നല്‍കാറുണ്ട്. പക്ഷേ, ഇത്തവണ അതിനുള്ള നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തിന് വ്യാപകമായ അക്രമസംഭവങ്ങളാണുണ്ടായത്. മുന്‍കേന്ദ്ര മന്ത്രി എ കെ ആന്റണിയെയും ശശിതരൂര്‍ എംപിയെയും ഇടതു മുന്നണി പ്രവര്‍ത്തകര്‍ തടയുക പോലും ചെയ്തിരുന്നു. ഇടതുമുന്നണിക്കാര്‍ വോട്ടെടുപ്പിന് വ്യാപകമായി അക്രമം അഴിച്ചുവിടാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അതിന് ഒത്താശ ചെയ്യാന്‍ പോലിസിനെ നിര്‍വീര്യമാക്കാനാണോ വാഹനങ്ങള്‍ നല്‍കാതിരിക്കുന്നതെന്ന് സംശയിക്കണം. അതിനാല്‍ പോലിസിന് ആവശ്യമായ വാഹനങ്ങള്‍ നല്‍കാന്‍ പോലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. പോലിസിന്റെ പോസ്റ്റല്‍ ബാലറ്റ് തിരികെ വാങ്ങാന്‍ കലക്്‌ടേറ്റ്‌റുകളില്‍ വോട്ടെടുപ്പിനുശേഷം രണ്ടോ മൂന്നോ ദിവസങ്ങളിലേക്ക് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.



Tags:    

Similar News