മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി പ്രസംഗം: മനേകാ ഗാന്ധിക്കു നോട്ടീസ്
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയതിനെ തുടര്‍ന്ന് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റാണ് നോട്ടീസ് നല്‍കിയത്
ലക്‌നോ: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ട് ചോദിക്കുന്നതിനിടെ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി പ്രസംഗിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കു നോട്ടീസ്. മുസ്‌ലിംകള്‍ വോട്ട് ചെയ്തില്ലെങ്കിലും താന്‍ വിജയിക്കുമെന്നും മുസ്‌ലിംകളുടെ വോട്ടില്ലാതെയാണ് വിജയിക്കുന്നതില്‍ കാര്യങ്ങള്‍ സുഖകരമായിരിക്കില്ലെന്നുമായിരുന്നു ഭീഷണി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയതിനെ തുടര്‍ന്ന് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റാണ് നോട്ടീസ് നല്‍കിയത്. സുല്‍ത്താന്‍പൂരിലെ തുറാക്ബാനി വില്ലേജില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് വര്‍ഗീയപരാമര്‍ശത്തോടെയുള്ള ഭീഷണിപ്രസംഗം നടത്തിയത്. മനേകാ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 'നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്‌ലിംകളുടെ വോട്ട് ഇല്ലാതെയാണ് എന്റെ ജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. അനുഭവം മോശമായേക്കാം. പിന്നീട് എന്തെങ്കിലും ആവശ്യത്തിന് മുസ്‌ലിംകള്‍ എന്നെ കാണാന്‍ വരികയാണെങ്കില്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ലല്ലോ' എന്നായിരുന്നു മനേകയുടെ പരാമര്‍ശം.