വര്‍ഗീയ കലാപങ്ങളും ബുള്‍ഡോസറും തുണച്ചില്ല; ഹരിയാനയിലെ നൂഹില്‍ ബിജെപി മൂന്നാമത്
കോണ്‍ഗ്രസിന്റെ അഫ്താബ് അഹമ്മദിന് മിന്നുംജയം
ഗുരുഗ്രാം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് ജയത്തോടെ ബിജെപി ഹരിയാനയില്‍ അധികാരത്തിലെത്തിയിട്ടും വര്‍ഗീയ കലാപത്തിലൂടെയും ബുള്‍ഡോസര്‍രാജിലൂടെയും മുസ് ലിംകള്‍ക്കെതിരേ കടുത്ത നടപടികളെടുത്ത നൂഹില്‍ ബിജെപിക്ക് വന്‍ തോല്‍വി. കോണ്‍ഗ്രസ് നേതാവ് അഫ്താബ് അഹമ്മദ് 46,963 വോട്ടുകള്‍ക്കാണ് നൂഹില്‍ വിജയിച്ചത്. ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന്റെ(ഐഎന്‍എല്‍ഡി) താഹിര്‍ ഹുസയ്ന്‍ രണ്ടാമതെത്തിയപ്പോള്‍ ബിജെപിയുടെ സഞ്ജയ് സിങ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹരിയാന നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായ അഫ്താബ് അഹമ്മദ് സിറ്റിങ് എംഎല്‍എയാണ്. ഇദ്ദേഹത്തിന് ആകെ 91,833 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഐഎന്‍എല്‍ഡിയുടെ താഹിര്‍ ഹുസയ്ന്‍ 44,870 വോട്ടും ബിജെപിയുടെ സഞ്ജയ് സിങ് 15,902 വോട്ടുകളുമാണ് നേടിയത്.
കഴിഞ്ഞ വര്‍ഷം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) യാത്രയ്ക്കിടെ അക്രമം നടന്ന മണ്ഡലത്തില്‍ വോട്ട് ധ്രുവീകരിക്കാന്‍ ഭരണകക്ഷിയായ ബിജെപി അടവുകളെല്ലാം പയറ്റിയിരുന്നു. മാത്രമല്ല, സമീപമണ്ഡലമായ സോഹ്നയിലെ സിറ്റിങ് എംഎല്‍എ സഞ്ജയ് സിങിനെ തന്നെ രംഗത്തിറക്കുകയായിരുന്നു. ഹരിയാനയിലെ മേവാത്ത് മേഖലയുടെ ഭാഗമായ നുഹില്‍ കഴിഞ്ഞ ജൂലൈയില്‍ മുസ് ലിം വിരുദ്ധ കലാപമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു ഹിന്ദുത്വരുടെ തീക്കളി. വിഎച്ച്പിയുടെ ബ്രജ് മണ്ഡല് ജല്‍ അഭിഷേക് യാത്രയ്ക്കിടെയാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. കലാപത്തില്‍ ഇരുഭാഗത്തുമായി കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെടുകയും കോടികളുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെടുകയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്തിരുന്നു. ഹരിയാനയിലെ ബിജെപി സര്‍ക്കാരാവട്ടെ കര്‍ഫ്യൂ, തടങ്കല്‍, അറസ്റ്റുകള്‍ എന്നിവയുള്‍പ്പെടെ കര്‍ശനമായ പോലിസ് നടപടികളിലൂടെയാണ് മുസ് ലിംകളെ നേരിട്ടത്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി അര്‍ധസൈനിക വിഭാഗത്തെ വന്‍തോതില്‍ വിന്യസിച്ചു.
പലരെയും നാഷനല്‍ സെക്യൂരിറ്റി ആക്റ്റ്(എന്‍എസ്എ) ചുമത്തി ജയിലിലടച്ചു. മുസ് ലിംകളെ തിരഞ്ഞുപിടിച്ച് കള്ളക്കേസുകളും മറ്റും എടുക്കുകയും ബുള്‍ഡോസര്‍ ഉപയോഗിച്ച് സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. ഇതോടെ, പ്രദേശത്തെ ഹിന്ദു-മുസ് ലിം ജനവിഭാഗങ്ങള്‍ തമ്മില്‍ കടുത്ത രീതിയില്‍ ധ്രുവീകരിക്കപ്പെട്ടു. മുസ് ലിം ഭൂരിപക്ഷമുള്ള നുഹ് ജില്ലയില്‍ ഈ തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. വോട്ടുകളുടെ ഏകീകരണത്തെയായിരുന്നു ഇത് സൂചിപ്പിച്ചത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ഹരിയാനയിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് നുഹ്. യമുനാനഗറില്‍ 74.20 ശതമാനവും പല്‍വാലില്‍ 73.89 ശതമാനവും നുഹില്‍ 72.81 ശതമാനവും ഫത്തേഹബാദത്ത് 74.77 ശതമാനവുമാണ് ഹരിയാനയില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങള്‍.
2014ല്‍ ഐഎന്‍എല്‍ഡി സ്ഥാനാര്‍ഥി സാകിര്‍ ഹുസയ്ന്‍ 64,221 വോട്ട് നേടി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എയായിരുന്ന അഫ്താബ് അഹമ്മദിന് 31,425 വോട്ടുകളും ബിജെപിയുടെ സഞ്ജയ് സിങിന് 24,222 വോട്ടുകളുമാണ് ലഭിച്ചിരുന്നത്. 2019ല്‍ സാകിര്‍ ഹുസയ്ന്‍ ബിജെപിക്കു വേണ്ടി മല്‍സരിച്ചപ്പോള്‍ 48,273 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഫ്താബ് അഹ്മദ് 52,311 വോട്ടുകളുമാണ് നേടിയത്. ഇത്തവണ ബിജെപിയുടെ സഞ്ജയ് സിങ് 15,902 വോട്ടുകളില്‍ ഒതുങ്ങുകയായിരുന്നു.
'എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിനും ഞാന്‍ നന്ദി പറയുന്നുവെന്നും ബിജെപിയുടെ 10 വര്‍ഷത്തെ ഭരണം വിഭജന രാഷ്ട്രീയമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടതായും വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഫ്താബ് അഹമ്മദ് പറഞ്ഞു. ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയും പാര്‍ട്ടിയില്‍ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.