കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം; കിരണ്‍ ദാസിനെ ചോദ്യം ചെയ്യും; മനോരോഗിയാക്കുമോയെന്ന് സോഷ്യൽ മീഡിയ
കിരണ്‍ ദാസ് എന്ന ഐഡിയില്‍ നിന്നു നിര്‍മിച്ച വ്യാജ പേരില്‍ നിന്നാണെന്ന് ഖത്തറിലുള്ള അജ്‌നാസ് ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കിരണ്‍ ദാസിന്റെ അക്കൗണ്ട് ജനുവരിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ടെന്ന അവകാശവാദവുമായി അഭിലാഷ് മലയില്‍ എന്ന സംഘപരിവാർ പ്രവർത്തകൻ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു.
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ കിരണ്‍ ദാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയെ ചോദ്യം ചെയ്യാനൊരുങ്ങി പോലിസ്. തനിക്കെതിരേ കേസെടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പോലിസ് ഉത്തരവാദിയാകുമെന്ന വിചിത്ര പരാതിയും കിരണ്‍ദാസ് ഉന്നയിച്ചിട്ടുണ്ട്. ഇത്തരമൊരു പരാതി ആദ്യമായാണ് കാണുന്നതെന്ന് പോലിസ് പറഞ്ഞു.
കേസില്‍ ആദ്യം ആരോപണവിധേയനായിരുന്ന അജ്‌നാസിന്റെ പേരിലുള്ള എഫ്ബി ലിങ്കില്‍ കിരണ്‍ദാസിന്റെ പ്രൊഫൈലാണ് അടിസ്ഥാന ഐഡിയായുള്ളത്. എന്നാല്‍ തന്റെ എഫ്ബി ഐഡി ജനുവരിയില്‍ നാലിന് ഹാക്ക് ചെയ്‌തെന്ന് പറഞ്ഞ് അഞ്ചിനും ഒമ്പതിനും ഇ-മെയിലിലൂടെ കിരണ്‍ദാസ് കോഴിക്കോട് ഫറോക്ക് പോലിസിന് പരാതി നല്‍കിയിരുന്നു.
തന്റെ ഐഡി വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം, ഫറോക്ക് സ്വദേശിയായ കിരണ്‍ദാസ് ബിജെപിയുടെ സജീവപ്രവര്‍ത്തകനാണെന്നും നാട്ടുകാര്‍ പറഞ്ഞു. ബിജെപിയിലെ ചില ഗ്രൂപ്പ് വഴക്കുകളില്‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവന്റെ പരാതിയില്‍ മേപ്പയ്യൂര്‍ പോലിസാണ് കേസ് അന്വേഷിക്കുന്നത്.
അജ്‌നാസ് അജ്‌നാസ് എന്ന പേരില്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റിട്ടത് കിരണ്‍ ദാസ് എന്ന ഐഡിയില്‍ നിന്നു നിര്‍മിച്ച വ്യാജ പേരില്‍ നിന്നാണെന്ന് ഖത്തറിലുള്ള അജ്‌നാസ് ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കിരണ്‍ ദാസിന്റെ അക്കൗണ്ട് ജനുവരിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ടെന്ന അവകാശവാദവുമായി അഭിലാഷ് മലയില്‍ എന്ന സംഘപരിവാർ പ്രവർത്തകൻ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു.
കിരണ്‍ ദാസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്ന അവകാശവാദം ഉന്നയിച്ചുള്ള ഫറോക് സ്വദേശികൂടിയായ അഭിലാഷ് മലയിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പോലിസ് അന്വേഷണം കിരൺ ദാസിലേക്ക് നീളുന്നുവെന്നു കണ്ടതിന് പിന്നാലെയുള്ള ഈ മലക്കം മറിച്ചിൽ സംശയാസ്പദമാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ ഉയരുന്നുണ്ട്.
സംഭവത്തില്‍ വിശദീകരണവുമായി കേസില്‍ ആരോപണ വിധേയനായ അജ്‌നാസ് രംഗത്തെത്തിയിരുന്നു. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നതെന്നും അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും അജ്‌നാസ് പറഞ്ഞിരുന്നു. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് നെയിം അജ്‌നാസ് ആശാസ് അജ്‌നാസ് എന്നാണ്. ഈ കമന്റ് വന്നത് അജ്‌നാസ് അജ്‌നാസ് എന്ന അക്കൗണ്ടില്‍ നിന്നും. സാധാരണ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മനസിലാകും ഇതൊരു ഫേക്ക് ഐഡിയാണെന്നത്.
കൂടുതല്‍ അന്വേഷിച്ചാല്‍ ഈ അക്കൗണ്ട് ഓപണ്‍ ആക്കിയിരിക്കുന്നത് കിരണ്‍ ദാസ് എന്നയാളാണെന്ന് മനസിലാകും. അയാളില്‍ നിന്നാണ് കമന്റ് വന്നത് തന്നെ. എന്നോട് വ്യക്തിപരമായി ആളുകള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ നേരിട്ടുവന്ന് പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത്, അല്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമാക്കുകയല്ല. നാട്ടിലാണെങ്കിലും ഖത്തറിലാണെങ്കിലും വളരെ മോശമായാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ നാല് അഞ്ച് വര്‍ഷമായി ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. മോശം കമന്റിടുന്നവര്‍ക്ക് മറുപടി കൊടുക്കാറില്ലെന്നും അജ്നാസ് പറയുന്നു.
വിഷയം വ്യാപകമായി ചർച്ചയായതോടെ കിരൺ ദാസ് നാളെ മനോരോഗിയാകുമോയെന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ നിന്നുയരുന്നുണ്ട്. ക്രിസ്ത്യൻ പേരുകളിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് മുസ് ലിം വിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണം സംഘപരിവാർ നടത്തുന്നതായ റിപോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.