ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചോര്‍ച്ച; യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത, ഷാഫി പറമ്പിലിനെതിരേ ഒരുവിഭാഗം രംഗത്ത്

Update: 2022-07-20 05:19 GMT

തിരുവനന്തപുരം: ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശം ചോര്‍ന്നതിനെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. ഗുരുതരമായ അച്ചടക്ക ലംഘനം നടന്നിട്ടും വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്താന്‍ തയ്യാറാവാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിലിനെതിരേയാണ് ഒരുവിഭാഗം രംഗത്തുവന്നിരിക്കുന്നത്. വിവരങ്ങള്‍ നിരന്തരം ചോരുന്നത് സംസ്ഥാന പ്രസിഡന്റിന് ഗൗവത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും വിഷയത്തില്‍ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം ഭാരവാഹികള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചു.

നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും നാല് സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന് നല്‍കിയത്. മുമ്പും ഔദ്യോഗിക ചര്‍ച്ചകള്‍ ചോര്‍ന്നപ്പോള്‍ സംസ്ഥാന അധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയെടുത്തില്ലെന്ന് കത്തില്‍ ആരോപിക്കുന്നു. ഗ്രൂപ്പിലെ ചര്‍ച്ചകള്‍ നിരന്തരം മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കാനോ അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനോ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ തയ്യാറാവുന്നില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, സ്‌ക്രീന്‍ ഷോട്ട് പുറത്തായതിനെക്കുറിച്ച് പരിശോധിക്കുമെന്നാണ് സംസ്ഥാന നേതൃത്വം ഇപ്പോള്‍ പറയുന്നത്. സ്‌ക്രീന്‍ഷോട്ട് ചോര്‍ന്നതിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കാനില്ലെന്നാണ് പരാതി നല്‍കിയവരുടെ നിലപാട്. സംസ്ഥാന നേതൃത്വം അന്വേഷണം നടത്താത്തതിനാല്‍ എല്ലാവരും സംശയത്തിന്റെ നിഴലിലാണ്. അങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് ഗ്രൂപ്പ് വിത്യാസമില്ലാതെ ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഏറെക്കാലമായി തുടരുന്ന ഭിന്നതയാണ് ഇപ്പോള്‍ ശബരീനാഥന്റെ അറസ്റ്റിലൂടെ മറനീക്കിയിരിക്കുന്നതെന്ന് വ്യക്തമാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ആഹ്വാനമാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലിസ് കെ എസ് ശബരീനാഥനെ അറസ്റ്റുചെയ്തത്. യൂത്ത് കോണ്‍ഗ്രസിലെ തമ്മിലടിയുടെ അനന്തരഫലമാണ് ഈ സ്‌ക്രീന്‍ ഷോട്ട് പുറത്തായതിന് പിന്നില്‍. സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെ എസ് ശബരീനാഥനും രംഗത്തുവന്നിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശം ചോര്‍ത്തിയത് സംഘടനയ്ക്ക് ഭൂഷണമല്ലെന്ന് കെ എസ് ശബരീനാഥന്‍ പ്രതികരിച്ചു. സംഘടനയാണ് വലുത്, സംഘടനക്കുള്ളില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പരിഹരിക്കും. ഷാഫി പറമ്പിലിനെതിരേ എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ലെന്നും ശബരീനാഥന്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധത്തില്‍ സംഘടന ഒറ്റക്കെട്ടാണ്. കൃത്യമായി ചോദ്യം ചെയ്യലിനോട് സഹകരിച്ചു. ആഭ്യന്തര വകുപ്പിന് തിടുക്കമാണെന്നും പോലിസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News