ഒമിക്രോണ്‍ വ്യാപന സാധ്യത: മാര്‍ഗരേഖ പുതുക്കുമെന്നു കേന്ദ്രം
കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി
ന്യൂഡല്‍ഹി: കൊവിഡിന്റെ ആഫ്രിക്കന്‍ വകഭേദമായ ഒമിക്രോണ്‍ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ കൊവിഡ് മാര്‍ഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാവും പുതിയ മാര്‍ഗരേഖ വരിക. ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാതലത്തിലാണ് നടപടി. ഓസ്‌ട്രേലിയയിലും ഇസ്രായേലിലും യുകെയിലും രോഗബാധ സ്ഥിരീകരിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞയാഴ്ചത്തെക്കാള്‍ 263 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. യുകെയിലും ഓസ്‌ട്രേലിയയിലും രണ്ടുപേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇസ്രായേല്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കര്‍ശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും തുടരാന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശം നല്‍കി. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും രാജ്യാന്തര യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. രോഗ വ്യാപനം, വാക്‌സീന്റെ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണെന്നും വാക്‌സീന്‍ വിതരണത്തെ പുതിയ സാഹചര്യം ബാധിക്കരുതെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു. ഡല്‍ഹി ഭരണകൂടം നാളെ ദുരന്ത നിവാരണ അതോറിട്ടി യോഗം വിളിച്ചിട്ടുണ്ട്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളും വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി, പോസിറ്റീവ് ആയവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കുന്നുണ്ട്. രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭികുന്നതും, യാത്രക്ക് നല്‍കിയ ഇളവുകള്‍ പുനപരിശോധിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.