ഒമിക്രോണ്‍ വ്യാപന സാധ്യത: രണ്ട് രാജ്യങ്ങളെ കൂടി ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി

Update: 2021-12-08 03:39 GMT

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപന സാധ്യത മുന്‍ നിര്‍ത്തി രണ്ട് രാജ്യങ്ങളെ കൂടി കേന്ദ്ര സര്‍ക്കാര്‍ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഘാന, ടാന്‍സാനിയ എന്നീ രാജ്യങ്ങളെയാണ് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നും തിരികെ എത്തുന്നവര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്‌സ്വാന, ചൈന, മൌറിഷ്യസ്, ന്യൂസിലാന്റ്്, സിംബാബ്‌വെ, ഹോങ്കോങ്, സിംഗപ്പൂര്‍, ഇസ്രായേല്‍ എന്നിവയാണ് ഹൈറിസ്‌ക് പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍. ഹൈറിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും വിമാനത്താവളത്തില്‍ വെച്ച് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ക്വാറന്റൈന്‍ നിബന്ധനകളും പാലിക്കണം. ഡല്‍ഹിയില്‍ ആദ്യമായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത് ടാന്‍സാനിയയില്‍ നിന്നുവന്നയാള്‍ക്കാണ്.

 റാഞ്ചി സ്വദേശിയായ 37കാരന്‍, ടാന്‍സാനിയയില്‍ നിന്നും ദോഹയില്‍ പോയ ശേഷമാണ് ഡല്‍ഹിയില്‍ എത്തിയത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഇയാള്‍ക്കുള്ളൂ. ഡിസംബര്‍ രണ്ടിനാണ് ഇയാള്‍ വന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും പരിശോധനക്കയച്ച കൂടുതല്‍ സാംപിളുകളുടെ ഫലം ഇന്ന് പുറത്തുവന്നേക്കും. വിമാനത്താവളങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കാന്‍ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. ഡെല്‍റ്റ വൈറസിനേക്കാള്‍ തീവ്രത കുറവാണ് ഒമിക്രോണിനെന്ന് അമേരിക്കയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഇതിനിടെ ഒമിക്രോണ്‍ വകഭേദം പകര്‍ച്ച വ്യാധി കുറയുമെന്നതിലേക്കുള്ള ശുഭസൂചനയാണെന്ന നിരീക്ഷണവും വൈദ്യ ശാസ്ത്ര രംഗത്ത് സജീവമാണ്.

Tags:    

Similar News