ഒമിക്രോണ്‍: കൊവിഡ് അവലോകനയോഗം ഇന്ന് ചേരും
ടാന്‍സാനിയ, യുകെ. സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരിലാണ് വൈറസ് കണ്ടെത്തിയത്
ന്യൂഡല്‍ഹി: ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യ സെക്രട്ടറിയും നീതി ആയോഗിലെ അംഗങ്ങളും പങ്കെടുക്കും. ബൂസ്റ്റര്‍ ഡോസുകളുടെ കാര്യത്തിലുള്ള ചര്‍ച്ച യോഗത്തില്‍ നടക്കും. സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമായും വിലയിരുത്തും. മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാതലത്തിലാണ് യോഗം ചേരുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയിട്ടുണ്ട്. മൂന്ന് കേസുകള്‍ മുംബൈയിലും നാലെണ്ണം പിംപ്രി ചിംച്വാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലുമാണ് സ്ഥിരീകരിച്ചത്. രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് ആദ്യമായി കര്‍ണാടകയിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഒരു വിദേശിക്കും സ്വദേശിക്കുമായിരുന്നു രോഗബാധ കണ്ടെത്തിയത്.
പിന്നീട് ഗുജറാത്തില്‍ ഒരാള്‍ക്കും അസുഖം കണ്ടെത്തി. മുംബൈയില്‍ ഇന്നലെ മൂന്നുപേര്‍ക്കു കൂടി ഒമിക്രോണ്‍ വൈറസ് ബാധകണ്ടെത്തിയ പശ്ചാതലത്തില്‍ ജനങ്ങള്‍ ഒത്തു ചേരുന്നതിന് മുംബൈ പോലിസ് രണ്ടു ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ 32 കൊവിഡ് ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ജാഥകളും ഘോഷയാത്രകളും നടത്തുന്നതിനും വലിയ പൊതു സമ്മേളനങ്ങള്‍ നടത്തുന്നതിനും മുംബൈയില്‍ വിലക്കുണ്ട്. മൂന്നര വയസുകാരി ഉള്‍പെടെ മൂന്നുപേര്‍ക്കാണ് ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. ടാന്‍സാനിയ, യുകെ. സൗത്ത് ആഫ്രിക്ക-നൈറോബി എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരിലാണ് വൈറസ് കണ്ടെത്തിയത്.