ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി; പ്രശ്‌നപരിഹാരത്തിന് നാളെ സമഗ്രപദ്ധതി സമര്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി

Update: 2021-05-05 10:34 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സുപ്രിംകോടതി. ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. കേന്ദ്രം പലതും ചെയ്യുന്നുണ്ടെങ്കിലും വീഴ്ചയുണ്ടായെന്ന് കോടതി വിമര്‍ശിച്ചു. ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി സമഗ്രമായ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നാളെ രാവിലെ തന്നെ സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു.

ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ മുംബൈ മുനിസിപ്പാലിറ്റി സ്വീകരിച്ച നടപടി കണ്ടുപഠിക്കാന്‍ കേന്ദ്രത്തെ സുപ്രിംകോടതി ഉപദേശിച്ചു. ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കുകയോ കോടതിയലക്ഷ്യ നടപടികള്‍ക്ക് വിധേയമാക്കുകയോ ചെയ്താല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കില്ല- സുപ്രിംകോടതി പറഞ്ഞു.

700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഡല്‍ഹിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണ് നാളെ സമര്‍പ്പിക്കേണ്ടത്. ഇതിനായി മുംബൈ കോര്‍പറേഷന്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കാന്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഝ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് നിര്‍ദേശിച്ചത്. രാജ്യത്തെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രത്തിന് വീഴ്ചയുണ്ടായെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചത്.

ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്നത് കേന്ദ്രത്തിനും നിഷേധിക്കാനാവില്ല. ഓക്‌സിജന്‍ ലഭ്യത നിരീക്ഷിക്കുന്നതിനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ അധികാരത്തിന് സ്‌റ്റേ തടസമല്ല. ഡല്‍ഹിക്ക് നല്‍കുന്ന ഓക്‌സിജന്റെ കണക്ക് കേന്ദ്രം സമര്‍പ്പിക്കണം. നാളെ രാവിലെ 10.30 ഓടെ കേന്ദ്രം ഒരു ചാര്‍ട്ട് രൂപത്തില്‍ സമഗ്രമായ ഒരു പദ്ധതി നല്‍കണം. 700 മെട്രിക് ടണ്‍ എങ്ങനെ ലഭിക്കുമെന്ന് അതിലുണ്ടാവണം. കോടതിയലക്ഷ്യ നടപടികള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരമാണുണ്ടാവേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍, 500 ടണ്‍ ഓക്‌സിജന്‍ ഉപയോഗിച്ച് ഡല്‍ഹിക്ക് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.

700 ടണ്‍ അനുവദിക്കണമെന്നത് കോടതിയുടെ ഉത്തരവാണെന്നും നഗരത്തിന് ഇപ്പോള്‍ ലഭിക്കുന്ന 550 ടണ്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഇതിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ചു. 700 മെട്രിക് ടണ്‍ ഓക്‌സിജനെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. മെയ് 4 ന് 585 ടണ്ണിലെത്തിച്ചു. 590 ടണ്‍ വരെ ഓക്‌സിജന്‍ ഡല്‍ഹിക്ക് അനുവദിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നത് അംഗീകരിക്കുന്നു. അല്ലെങ്കില്‍ എന്താണ് സംഭവിക്കുക.

നിങ്ങള്‍ മറ്റൊരു സംസ്ഥാനത്തുനിന്ന് ഓക്‌സിജന്‍ കൊണ്ടുവരും. അപ്പോള്‍ ആ സംസ്ഥാനത്തെയും അത് പ്രതികൂലമായി ബാധിക്കുമെന്നും ജസ്റ്റിസ് ഷാ വിശദീകരിച്ചു. ഓരോ സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ അനുവദിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ ചോദ്യം. അതിനായി ഞങ്ങള്‍ ഒരു ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ട്. അത് രാജ്യത്ത് മുഴുവന്‍ ബാധകമാണ്. അതുപ്രകാരമാണ് ഡല്‍ഹിയ്ക്ക് 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ അനുവദിച്ചതെന്നും കേന്ദ്രം കോടതിയില്‍ വിശദീകരിച്ചു.

Tags:    

Similar News